Story Of Isa Nabi (عليه السلام) --- Part : 04
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം. സൂറത്ത് മർയം. ഈ സൂറത്ത് ആരംഭിക്കുന്നത് സകരിയ്യാ (അ) ന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ടാണ്.
ഒരു കുഞ്ഞിനെ കിട്ടാനുള്ള അടങ്ങാത്ത ആഗ്രഹം. മർയമിനെ കാണുമ്പോൾ ആ ആഗ്രഹം വളരുകയാണ്. തനിക്കൊരു പിൻഗാമിയെ കിട്ടണം. തന്റെ ദൗത്യം തുടർന്നു നടത്താൻ യോഗ്യനായ ഒരാൺകുട്ടി വേണം. അതിനുവേണ്ടിയുള്ള പ്രാർത്ഥന വളരെ കാലമായി തുടരുന്നു. സൂറത്ത് മർയമിലെ ചില വചനങ്ങൾ കാണുക.
മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ പറയുന്നു : "ഇത് താങ്കളുടെ റബ്ബ് തന്റെ അടിമ സകരിയ്യാ നബിയോട് കാണിച്ച കാരുണ്യത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്." (19:2)
"അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ ആയിരുന്നു കാരുണ്യം കാണിച്ചത്." (19:3)
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ..! നിശ്ചയമായും എന്റെ എല്ലുകളെല്ലാം ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. എന്റെ ശിരസ്സിൽ നര വ്യാപിച്ചിരിക്കുന്നു. എന്റെ റബ്ബേ..! നിന്നോട് പ്രാർത്ഥിച്ചിട്ട് മുമ്പൊരിക്കലും (ഉത്തരം കിട്ടാതെ) ഞാൻ നിരാശനായിട്ടില്ല." (19:4)
"എന്റെ പുറകെയുള്ള പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു മകനെ എനിക്ക് നീ ദാനം ചെയ്യേണമേ...!" (19:5)
"എനിക്കും യഹ്ഖൂബ് കുടുംബത്തിന്നും പിന്തുടർച്ചാവകാശിയായിത്തീരുന്ന മകൻ. എന്റെ റബ്ബേ..! നീ അവനെ എല്ലാവരുടെയും തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ...!" (19:6)
കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണിത്. രഹസ്യമായുള്ള പ്രാർത്ഥന. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. ഒരാൺകുഞ്ഞിനെക്കുറിച്ചുള്ള സന്തോഷകരമായ സൂചന നൽകുകയും ചെയ്തു. സന്തോഷവാർത്ത വന്നപ്പോൾ അമ്പരന്നുപോയി. സകരിയ്യ (അ)ന്ന് പ്രായം നൂറ്റി ഇരുപത് വയസ്സ്. ഭാര്യക്ക് തൊണ്ണൂറ്റി എട്ട്. ഈ പ്രായത്തിൽ ഭാര്യ ഗർഭിണിയാവുകയോ? പ്രസവം നടക്കുമോ?
സർവ്വശക്തനായ റബ്ബിന്ന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. അത് നിശ്ചയിക്കപ്പെട്ട കാര്യമാകുന്നു. ആ സന്തോഷവാർത്ത വിശുദ്ധ ഖുർആൻ പറയുന്നു.
"ഓ.... സകരിയ്യാ നിശ്ചയമായും താങ്കൾക്ക് ഒരാൺകുട്ടിയെ സംബന്ധിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര് യഹ് യ എന്നാകുന്നു. ഇതിന്ന് മുമ്പ് ആ പേരുള്ള ഒരാളെയും നാം ആക്കിയിട്ടില്ല (സൃഷ്ടിച്ചില്ല)." 19:7)
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ എനിക്ക് എങ്ങനെയാണ് ഒരാൺകുട്ടിയുണ്ടാവുക? എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. ഞാൻ വളരെയേറെ വാർദ്ധക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു." (19:8)
"അല്ലാഹു ﷻ പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിന്റെ റബ്ബ് പറയുന്നു : എനിക്ക് അത് നിസ്സാരകാര്യമാകുന്നു. മുമ്പ് താങ്കളെ നാം സൃഷ്ടിച്ചു. താങ്കൾ ഒരു വസ്തുവും ആയിരുന്നില്ല." (19:9)
ഏറെക്കഴിയും മുമ്പെ സകരിയ്യാ (അ)ന്റെ ഭാര്യ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞാണ് യഹ്യ (അ). യഹ്യ (അ)നെക്കുറിച്ച് പറഞ്ഞ ശേഷം സൂറത്ത് മർയമിൽ ഈസാ(അ)ന്റെ ചരിത്രം പറയുന്നു.
മർയം (റ)വിന്റെ മഹത്വങ്ങൾ നബി ﷺ തങ്ങൾ പല തവണ വിവരിച്ചിട്ടുണ്ട്. ഖത്താദ (റ)ൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം : "നബി ﷺ പറഞ്ഞു : ലോകത്തുള്ള സ്ത്രീകളിൽ ഏറ്റവും ഉത്തമരായവർ നാല് വനിതകളാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ.
അബൂബക്കർ (റ) പറഞ്ഞു : നബി ﷺ ആരുൾ ചെയ്തു, ലോകവനിതകളിൽ നന്മ നിറഞ്ഞവർ നാല് പേരാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് റസൂലുള്ളാഹി ﷺ യുടെ മകൾ ഫാത്വിമ.
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ തങ്ങൾ ഭൂമിയിൽ നാലു വര വരച്ചു എന്നിട്ട് ചോദിച്ചു, ഇതെന്താണെന്ന് നിങ്ങൾക്കറിയാമോ..? സ്വഹാബികൾ ഇങ്ങനെ മറുപടി നൽകി : അല്ലാഹുﷻവിന്നും അവന്റെ റസൂലിന്നും (ﷺ) അറിയാം.
അപ്പോൾ നബി ﷺ പറഞ്ഞു : സ്വർഗ്ഗത്തിലെ സ്ത്രീകളിൽ ഏറ്റവും ശ്രേഷ്ഠരായ നാല് പേരാണിത്. ഖുവൈലിദ് മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ, ഇംറാന്റെ മകൾ മർയം, മസാഹിമിന്റെ മകളും ഫിർഔനിന്റെ ഭാര്യയുമായ ആസിയ.
ഇബ്നു അസാക്കിറിന്റെ റിപ്പോർട്ട് ഇങ്ങനെയാകുന്നു. നബി ﷺ പറഞ്ഞു, ലോകവനിതകൾക്ക് നാല് നേതാക്കളുണ്ട്. അവർ നിങ്ങൾക്കുമതി. മുഹമ്മദിന്റെ (ﷺ) മകൾ ഫാത്വിമ, ഖുവൈലിദിന്റെ മകൾ ഖദീജ, മുബാഹിമിന്റെ മകൾ ആസ്യ, ഇംറാന്റെ മകൾ മർയം.
സ്വർഗ്ഗത്തിലെ നാല് നായികമാരിൽ ഒരാളാണ് മർയം (റ). യഹ്യ (അ)ന്റെ ജനനവും ഈസാ (അ)ന്റെ ജനനവും മനുഷ്യവർഗ്ഗത്തെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. സകരിയ്യ (അ) വൃദ്ധനായി ഭാര്യ മച്ചിയാണ് എന്നിട്ടും അവർക്കു കുഞ്ഞ് പിറന്നു.
ഈ സംഭവം വിവരിച്ച ശേഷം ഈസാ (അ) ന്റെ ചരിത്രം പറയുന്നു. ഈസാ (അ)നെ പ്രസവിച്ചത് മർയം (റ). പിതാവില്ലാതെ ഒരു കുട്ടിയെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന്ന് പ്രയാസമില്ല.
ദാവൂദ് നബി (അ)ന്റെ സന്താനപരമ്പരയിലാണ് ഇംറാൻ ജനിക്കുന്നത്. ആ പരമ്പര ഇങ്ങനെ രേഖപ്പെട്ടു കാണുന്നു. മർയം (റ), പിതാവ് ഇംറാൻ, ബാശിം, അമൂൻ, മീശാ, ഹസ്ഖിയാ, അഹ്രീഖ്, മൗസിം, അസാസിയ, അസ്വിക്ക, യാവിശ്, അഹ്രീഹു, യാസീം, യഹ്ഫാശാഥ്, ഈശാ, ഇയാൻ, റഹീഇം, പിതാവ് ദാവൂദ് (അ)...
മറ്റുവിധത്തിലും പരമ്പര കാണുന്നുണ്ട്. ദാവൂദ് (അ)മകൻ സുലൈമാൻ (അ)മകൻ റഹീഇം വഴിയാണ് പരമ്പര വരുന്നതെന്ന് അബുൽഖാസിമുബ്നു അസാകിറിന്റെ റിപ്പോർട്ടിൽ കാണുന്നു. ദാവൂദ് നബി (അ)ന്റെ പരമ്പരയിൽ മർയം (റ) ജനിച്ചു എന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്.
Comments
Post a Comment