Story Of Isa Nabi (عليه السلام)- part 30



   സൂറത്ത് ആലു ഇംറാനിലെ രണ്ട് വചനങ്ങൾ നോക്കാം. "സത്യം നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായി ശിക്ഷിക്കും.. അവർക്കു സഹായികളായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല." (3:56)

"എന്നാൽ, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ നിർവ്വഹിക്കുകയും
ചെയ്തവർക്ക് അല്ലാഹു പ്രതിഫലം പൂർത്തിയാക്കിക്കൊടുക്കുകയും
ചെയ്യും. അല്ലാഹു അക്രമികളെ സ്നേഹിക്കുകയില്ല." (3:57)

 ആ രാത്രിയിൽ പന്ത്രണ്ട് ദുഷ്ടന്മാർ പതുങ്ങിവരികയാണ്, അവർ ഈസാ (അ)ന്റെ താവളം വളഞ്ഞു. ഇനിയെന്ത് വേണം? കൂടിയാലോചന നടത്തി. ഒരാൾ കത്തിയുമായി അകത്ത് കയറുക. ഈസായെ പിടിച്ചുകൊണ്ട് വരിക. കുരിശിൽ തറയ്ക്കുക. ഒരാൾ കത്തിയുമായി അകത്ത് കയറി. അവിടെയെല്ലാം പരിശോധന നടത്തി. അകം ശൂന്യം. ഒരാളുമില്ല...

 സമയം നീങ്ങി. അകത്ത് പോയ ആൾ പുറത്തുവന്നില്ല. ഇതെന്ത് പറ്റി..? പുറത്തുള്ളവർ അസ്വസ്ഥരായി. അവർ ആയുധങ്ങളുമായി അകത്ത് കയറി. നേരത്തെ കയറിയ ആൾ നിരാശനായി നിൽക്കുന്നു. അയാളുടെ മുഖം ഈസാ (അ) ന്റെ മുഖം പോലെയിരിക്കുന്നു. മുഖത്തിന് വല്ലാത്ത രൂപ സാദൃശ്യം. സംശയം വേണ്ട. ഇത് അവൻ തന്നെ. ഈസ...

 പിടിയവനെ..! എല്ലാവരും ചേർന്നു അവനെ പിടികൂടി. വലിച്ചിഴച്ചുകൊണ്ട് വന്നു. അരണ്ട വെളിച്ചത്തിൽ അത് ഈസ തന്നെയെന്ന് അവർക്കു തോന്നി, പിന്നെ കാര്യങ്ങൾ പെട്ടെന്നു നടന്നു. അയാൾ കുരിശിൽ തറക്കപ്പെട്ടു.

 അവർ ആഹ്ലാദഭരിതരായിത്തീർന്നു. വലിയൊരു ത്യാഗം ചെയ്ത സന്തോഷം. അപ്പോൾ ഒരാൾ സംശയം ചോദിച്ചു.

"നമ്മൾ പന്ത്രണ്ട് പേർ ആയിരുന്നുവല്ലോ? ഇപ്പോൾ എത്രപേരുണ്ട്..?"

എണ്ണിനോക്കി. പതിനൊന്ന്

"ഒരാൾ എവിടെ..?"

 കുരിശിൽ തറച്ചയാളെ പരിശോധിച്ചു.
മുഖം ഈസയുടേത് പോലെ തന്നെ. ഉടലോ? ഉടൽ നമ്മുടെ സഹോദരന്റേത് തന്നെ. അവർ ആശയക്കുഴപ്പത്തിലായി. ഈ ആശയക്കുഴപ്പം പിന്നെയും നിലനിന്നു. ഈസയെ കുരിശിൽ തറച്ചുവെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നും ആ പ്രഖ്യാപനം ആവർത്തിക്കുന്നു...

 സൂറത്ത് നിസാഇലെ ചില വചനങ്ങൾ നോക്കാം. ഇസാഈലികൾ ശപിക്കപ്പെടാനുള്ള രണ്ട് കാരണങ്ങൾ പറയുന്നു.

ഒന്ന്: മർയം (റ) വിന്റെ പേരിൽ ദുരാരോപണം നടത്തി.

രണ്ട്: ഈസാ (അ) നെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരം
പറഞ്ഞു.

 മർയം (റ)യെ വ്യഭിചാരിണി എന്നുവിളിച്ചു. പുത്രനെ ജാരസന്തതിയെന്ന് വിളിച്ചു. ഈസയെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരമായി പറഞ്ഞുനടന്നു.

 ഖുർആൻ ഇതെല്ലാം നിഷേധിക്കുന്നു. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്." (4:157)

"എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:158)

 എല്ലാ തെറ്റിദ്ധാരണകളെയും നീക്കുന്ന വിധമാണ് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം. കുരിശു സംഭവം നടന്നകാലം മുതൽ ഊഹങ്ങളും സംശയങ്ങളും നിലനിൽക്കുകയായിരുന്നു. കുരിശിൽ തറച്ചുകൊല്ലപ്പെട്ട ആളെക്കുറിച്ചു ഒരു ഉറപ്പും ഇല്ലായിരുന്നു.

 വിശുദ്ധ ഖുർആൻ എല്ലാ സംശയങ്ങളും നീക്കിക്കളഞ്ഞു. ഈസാ (അ) കൊല്ലപ്പെട്ടിട്ടില്ല. ആകാശത്തിലേക്കുയർത്തപ്പെട്ടു. ഇനി അന്ത്യനാളിന്നടുത്ത് ഭൂമിയിലേക്കിറങ്ങി വരും. സത്യമതം പ്രബോധനം ചെയ്യും...

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04