Story Of Isa Nabi (عليه السلام)- part 28
ഈസാ (അ) കൊട്ടാരത്തിലെത്തി. കൂട്ടുകാരനെ അന്വേഷിച്ചുകണ്ടെത്തി. മരണം കൺമുമ്പിലുണ്ട്. യഹൂദി സഹായം തേടി പൊട്ടിക്കരയുന്നു...
"രാജാവിനെ ജീവിപ്പിക്കാം. രോഗം സുഖപ്പെടുത്താം. നിങ്ങൾക്കത് പോരേ. ഇയാളെ വെറുതെ വിട്ടുകൂടേ..?" കൊട്ടാരവാസികൾ സമ്മതിച്ചു.
ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. തന്റെ വടി കെെയിലെടുത്തു. മൃതദേഹത്തിൽ അടിച്ചു. അല്ലാഹുﷻവിന്റെ അനുമതിയോടെ ഉണരുക. എഴുന്നേൽക്കുക.
അനേകമാളുകൾ നോക്കി നിൽക്കെ, രാജാവ് ഉണർന്നു. എഴുന്നേറ്റിരുന്നു. രോഗം മാറി. ആരോഗ്യവാനായിത്തീർന്നു. എല്ലാവർക്കും സന്തോഷം...
ഈസാ (അ) അവർകളും യഹൂദിയും കൊട്ടാരത്തിൽ നിന്നിറങ്ങി. അപ്പോൾ ഈസാ (അ) ചോദിച്ചു: “രാജാവിന്നു ജീവൻ തിരിച്ചു നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കട്ടെ, നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?”
“ഒന്നുമാത്രം...”
ഇവൻ ഭയങ്കരൻ തന്നെ. അതിഭയങ്കരൻ. ഇനി ഇവനെക്കൊണ്ട് സത്യം പറയിക്കണം. അവർ ഒരുഗ്രാമത്തിൽ പ്രവേശിച്ചു. അവിടെ കണ്ട കാഴ്ച യഹൂദിയെ അമ്പരപ്പിച്ചു. കണ്ണഞ്ചിപ്പോവുന്ന കാഴ്ച..!!
സ്വർണ്ണക്കൂമ്പാരം, ഒന്നല്ല, മൂന്നു കൂമ്പാരം. "ഇത് നമ്മൾക്കു ഭാഗിച്ചെടുക്കാം..."
യഹൂദി പറഞ്ഞു...
"അങ്ങനെയാവട്ടെ..! മൂന്നായി ഭാഗിക്കാം."
"അതെന്തിനാ മൂന്നായി ഭാഗിക്കുന്നത്? നമ്മൾ രണ്ടുപേരല്ലേയുള്ളത്..?"
"മൂന്നാമതൊരാൾ കൂടിയുണ്ട്. നിന്റെ കൈവശം രണ്ട് റൊട്ടിയുണ്ടായിരുന്നു. എന്റെ കൈവശം ഒന്നും. ആകെ മൂന്ന്. ഒന്ന് ഞാൻ തിന്നു. ഒന്ന് നീ തിന്നു. മൂന്നാമത്തേതോ..? അത് കള്ളൻ കട്ടുതിന്നു. മൂന്നാമത്തെ ഓഹരി അയാൾക്കാണ്..."
യഹൂദി വിളിച്ചുപറഞ്ഞതിങ്ങനെ: "അത് തിന്നത് ഞാൻ തന്നെയാണ്."
സ്വർണ്ണം കിട്ടുമെന്നായപ്പോൾ യഹൂദി സത്യം പറഞ്ഞു. രണ്ട് ഓഹരികിട്ടി എന്നിട്ടെന്താകാര്യം. എടുത്തു പൊക്കാനാവുന്നില്ല. അതവിടെത്തന്നെയിട്ട് യാത്ര തുടരേണ്ടി വന്നു. ഈസാ (അ) നോടൊപ്പം നടക്കുമ്പോഴും യഹൂദിയുടെ മനസ്സ് നിറയെ സ്വർണ്ണകൂമ്പാരത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു...
അത് ലഭിക്കണമെന്ന് അതിയായ ആഗ്രഹം. ഉദ്ദേശിച്ച സ്ഥലം വരെ പോയി. ഇനി മടക്കയാത്ര. യാത്ര പഴയപാതയിലൂടെ തന്നെ...
സ്വർണക്കൂമ്പാരം കണ്ട സ്ഥലത്തെത്തി. സ്വർണ്ണം അതേപടി കിടക്കുന്നു. തൊട്ടടുത്തുതന്നെ മരിച്ചുകിടക്കുന്ന മൂന്നുമനുഷ്യർ. വല്ലാത്താരു കാഴ്ച തന്നെ. അത് കണ്ട് അത്ഭുതപ്പെട്ടുപോയ യഹൂദന്ന്
ഈസാ (അ) അവരുടെ കഥ പറഞ്ഞുകൊടുത്തു...
ഈ മൂന്നുപേരും കൂട്ടുകാരാണ്. അവർ ഇത് വഴി യാത്ര പോവുകയാണ്. അപ്പോഴാണ് സ്വർണ്ണക്കട്ടികൾ കണ്ടത്. നമുക്കിത് വീതിച്ചെടുക്കാം. അവർ തീരുമാനിച്ചു. അവരിലൊരാൾ ഭക്ഷണം വാങ്ങാൻ പോയി...
അപ്പോൾ അയാൾ ചിന്തിച്ചതിങ്ങനെ: ഭക്ഷണത്തിൽ വിഷം കലർത്തി കൂട്ടുകാർക്ക് കൊടുക്കാം. അത് കഴിച്ച് അവർ മരിക്കും. സ്വർണ്ണം മുഴുവൻ തനിക്കെടുക്കാം.
സ്വർണ്ണത്തിന് കാവലിരിക്കുകയാണ് രണ്ട് പേർ. അവരുടെ സംഭാഷണം ഇങ്ങനെ: ഭക്ഷണവുമായി വരുന്നവനെ നമുക്ക് അടിച്ചുകൊല്ലാം. എങ്കിൽ സ്വർണ്ണം മുഴുവൻ നമുക്ക് ഭാഗിച്ചെടുക്കാം.
ഭക്ഷണവുമായി കൂട്ടുകാരനെത്തി. രണ്ട് പേരും കൂടി അവനെ അടിച്ചുകൊന്നു. അതിനുശേഷം അവർ ആർത്തിയോടെ ആഹാരം കഴിച്ചു. വിഷം കലർത്തിയ ആഹാരം. അധികം താമസിച്ചില്ല ഇരുവരും മരണപ്പെട്ടു. മൂന്നു ശവ ശരീരങ്ങൾ
സ്വർണ്ണക്കൂമ്പാരങ്ങളും. ആ കാഴ്ച ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ലോകാവസാനം വരെയുള്ള മനുഷ്യർക്കുമുമ്പിൽ. കനകം വരുത്തിയ വിന..!!
അല്ലാഹുﷻവിന്റെ അനുമതിയോടെ മൂന്ന് പേരെയും ഈസാ (അ) ജീവിപ്പിച്ചു. ഉറക്കിൽ നിന്നുണർന്നത് പോലെ അവർ എഴുന്നേറ്റുവന്നു. അവരോട് ഈസാ (അ) ചോദിച്ചു: "നിങ്ങൾക്ക് സ്വർണ്ണം വേണ്ടേ? എടുത്താേളു..."
അവർ മനസ്സുകൊണ്ട് സ്വയം പഴിക്കുകയായിരുന്നു. സ്വർണ്ണം ദുനിയാവാണ്. അത് മോഹിച്ചവൻ മനുഷ്യബന്ധങ്ങൾ മറക്കുന്നു. കൂട്ടുകാരനെ കൊല്ലുന്നു. ദുനിയാവ് വേണ്ട. സ്വർണ്ണം വേണ്ട. നിത്യജീവിതത്തിനുള്ള വകവേണം. അത് മതി. അതിമോഹം വേണ്ട. അതിമോഹം ആപത്താണ്...
മൂന്നുകൂട്ടുകാർ ഏകസ്വരത്തിൽ
പറഞ്ഞു: "സ്വർണ്ണം ഞങ്ങളെ വഞ്ചിച്ചു. ഞങ്ങൾ വഞ്ചനയിൽ പെട്ടുപോയി. ഞങ്ങൾ പാഠം പഠിച്ചു. ഇനി ഞങ്ങൾക്കു അതിമോഹങ്ങളില്ല. ഞങ്ങളെ പോവാൻ അനുവദിച്ചാലും."
മൂന്നുപേരും യാത്ര പറഞ്ഞുപോയി. സ്വർണ്ണം പല്ലിളിച്ച പിശാചിനെപ്പോലെയാണവർക്ക് തോന്നിയത്. അവർ പോയപ്പോൾ യഹൂദി ഈസാ (അ) നോട് പറഞ്ഞതിങ്ങനെ: "ആ സ്വർണ്ണം ഞാനെടുത്തുകൊള്ളാം."
അവന്റെ മനസ്സിൽ ദുനിയാവിനോടുള്ള മോഹം ഒട്ടും കുറഞ്ഞില്ല. ഈ കണ്ടകാര്യങ്ങളൊന്നും അവന്റെ മനസ്സ് മാറ്റിയില്ല. ഇനിയവൻ സ്വയം പഠിക്കട്ടെ. ഉപദേശങ്ങൾ കൊണ്ട് യാതൊരു പ്രയോജനം ലഭിക്കാത്തവൻ...
അവൻ സ്വർണ്ണക്കൂമ്പാരത്തിന്നടുത്തേക്ക് ആർത്തിയോടെ ഓടിച്ചെന്നു. പെട്ടെന്ന് ഭൂമിയിൽ വിള്ളൽ കണ്ടു. അവനും അവന്റെ ദുരാഗ്രഹങ്ങളും ഭൂമിയിലേക്ക് താഴ്ന്നു പോയി..!!
ഈ സംഭവ വിവരണം തലമുറകൾ കൈമാറിവരികയാണ്. ദുരാഗ്രഹികളുടെ ദുരന്തങ്ങൾക്ക് ഭൂമി തന്നെയാണ് സാക്ഷി. ആ ദുരാഗ്രഹിയുടെ മനസ്സുമായി ഇന്നും എത്രയോ മനുഷ്യർ ജീവിക്കുന്നു...
Comments
Post a Comment