Story Of Isa Nabi (عليه السلام)- part 08
യോഗ്യനായ പുത്രൻ;
അല്ലാഹു ﷻ ഒരു സാധനം ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാവുക (കുൻ) എന്ന് പറഞ്ഞാൽ മതി. അപ്പോൾ അതുണ്ടാകും. ഈസാനബി (അ)ന്റെ കാര്യവും അല്ലാഹുﷻവിന്ന് നിസ്സാര കാര്യമാണ്. എന്നാൽ ലോകത്തിന് മഹാശ്ചര്യം...
ഈസാ(അ)ന്റെ മഹത്വം തുടർന്നു പറയുന്നു : "അദ്ദേഹത്തെ അല്ലാഹു കിതാബും തത്ത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചു കൊടുക്കും." ( 3:48)
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് തൗറാത്ത്. ഈസാ (അ) അത് നന്നായി പഠിച്ചു. അത് മനഃപാഠമാക്കി. ഈസാ (അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ. അത് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു. വിശുദ്ധ ഖുർആൻ തുടരുന്നു:
"ഇസ്രാഈല്യരിലേക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്യും. (അവരോട് അദ്ദേഹം ഇങ്ങനെ പറയും) നിങ്ങളുടെ അടുക്കലേക്ക് നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ട് തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. നിശ്ചയമായും പക്ഷിയുടെ ആകൃതിയിലുള്ള ഒന്ന് ഞാൻ കളിമണ്ണ് കൊണ്ട് നിങ്ങൾക്കുവേണ്ടി നിർമ്മിക്കും. എന്നിട്ട് അതിൽ ഊതുകയും ചെയ്യും. അപ്പോൾ അല്ലാഹുﷻവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്.
അല്ലാഹുവിന്റെ അനുമതികൊണ്ട് ഞാൻ അന്ധനായി ജനിച്ചവനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ ഭക്ഷിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിങ്ങൾക്കു ഞാൻ പറഞ്ഞുതരാം. നിങ്ങൾ സത്യവിശ്വാസികളായിട്ടുണ്ടെങ്കിൽ നിങ്ങൾക്കിതിൽ വലിയ ദൃഷ്ടാന്തമുണ്ട്. തീർച്ച..." (3:49)
"എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും നിങ്ങൾക്കു നിഷിദ്ധമാക്കപ്പെട്ട ചിലത് അനുവദിച്ചു തരുവാൻ വേണ്ടിയും (ആണ് ഞാൻ വന്നിട്ടുളളത്) നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തം ഞാൻ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ...!" (3:50)
ഈസാ (അ) അവർകളെക്കുറിച്ചുള്ള വിശദീകരണമാണ് ഈ വചനങ്ങളിൽ നാം കാണുന്നത്. ഈസാ (അ) നിരവധി മുഅ്ജിസത്തുകൾ (അമാനുഷിക കർമ്മങ്ങൾ) കാണിക്കും. അവയിൽ ചിലത് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഓരോന്നും അല്ലാഹുﷻവിന്റെ അനുമതിയോടുകൂടിയാണ് കാണിക്കുക.
മണ്ണ്കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കുക. അതിൽ ഈസാ (അ)ഊതും. അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി അത് പക്ഷിയായി പറന്നുപോകും. അത്പോലെ അന്ധന്മാർക്ക് കാഴ്ച നൽകും. വെള്ളപ്പാണ്ടുകാരനെ സുഖപ്പെടുത്തും. മരിച്ചവരെ ജീവിപ്പിക്കും. വീട്ടിൽ പാകം ചെയ്തുവെച്ച ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുക്കും. ഇങ്ങനെ നിരവധി മുഅ്ജിസത്തുകൾ...
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്. തനിക്ക് ലഭിച്ചത് ഇഞ്ചീലും. രണ്ടും
ജനങ്ങൾക്കു പഠിപ്പിച്ചുകൊടുത്തു.
തൗറാത്തിലെ ചിലവിധികൾ ഈസാ (അ) ന്റെ ശരീഅത്തിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ നിഷിദ്ധമായിരുന്ന ചിലകാര്യങ്ങൾ അനുവദനീയമായി എന്നാണ് മനസ്സിലാവുന്നത്. അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരില്ല.
എലാ പ്രവാചകന്മാരും തൗഹീദ് സ്ഥാപിക്കാനാണ് വന്നത്. അല്ലാഹു ﷻ ഏകനാകുന്നു അവന്ന് പങ്കുകാരില്ല. മൂസാ (അ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇതാണ് അടിസ്ഥാനം...
ലാഇലാഹ ഇല്ലല്ലാഹു മൂസാ കലീമുല്ലാഹി.
ലാഇലാഹ ഇല്ലല്ലാഹു ഈസാ റൂഹുല്ലാഹി.
ഇവയാണ് അടിസ്ഥാന വചനം.
ജീവിതത്തിൽ നടപ്പിലാക്കേണ്ട ചില നടപടി ക്രമങ്ങളിൽ മാത്രമാണ് മാറ്റം വന്നത്. ഈസാ (അ) പറഞ്ഞു നിർത്തുന്നതിങ്ങനെയായിരിക്കും...
"തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അത്കൊണ്ട് അവന് നിങ്ങൾ ആരാധന ചെയ്യുക. ഇതാണ്
നേരായ മാർഗ്ഗം." (3:51)
ഈസാ (അ) നേരായ മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നു.
هَـٰذَا صِرَاطٌ مُّسْتَقِيمٌ
............................
സമുന്നതനായ പുത്രനെ തന്നെയാണ് ഞാൻ പ്രസവിക്കാൻ പോവുന്നത്. ഈ സമൂഹത്തിന്റെ സമുദ്ധാരകൻ.
ജൂതന്മാർ സകരിയ്യാ (അ)നോട് കാണിക്കുന്ന ക്രൂരതകൾക്ക് കണക്കില്ല. പരിഹാസം, ഉപ്രദവം, പീഡനം, ഭീഷണി. ഒരു സ്വസ്ഥതയും നൽകുന്നില്ല. തൗറാത്ത് അവരുടെ മുമ്പിലുണ്ട്. അതിലെ കല്പനകൾക്ക് അവർ വില കല്പിക്കുന്നില്ല. തോന്നിയത് പോലെ ജീവിക്കുന്നു.
അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്കാണ് സകരിയ്യ (അ) ക്ഷണിക്കുന്നത്. അതിനെയവർ തട്ടിക്കളയുന്നു. ഇതേ സമൂഹത്തെയാണ് തന്റെ പുത്രനും അഭിമുഖീകരിക്കേണ്ടി വരിക. പുത്രനെയും അവർ എതിർക്കും.
ഗർഭിണിയാണെന്നറിഞ്ഞതോടെ തന്റെ നേരെ പരിഹാസം തുടങ്ങിയിരിക്കുന്നു. എല്ലാം അല്ലാഹുﷻവിന്റെ നിശ്ചയം പോലെ നടക്കട്ടെ..
Comments
Post a Comment