Story Of Isa Nabi (عليه السلام)- part 09
പ്രസവ സമയം അടുത്തു വരികയാണ്. സഹായിത്തിന്നാരുമില്ല. ഒരു ഈത്തപ്പന മരത്തിന്റെ സമീപത്ത് വന്നുനിന്നു. വല്ലാത്ത ക്ഷീണം. ഈത്തപ്പന മരത്തിൽ ചാരിയിരുന്നു. ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം.
“അനന്തരം പ്രസവ വേദന അവരെ ഒരു ഈത്തപ്പന മരത്തിന്നടുത്തേക്ക് പോകുവാൻ നിർബന്ധിതയാക്കി. അവർ പറഞ്ഞു: “ഹാ...ഇതിന്ന് മുമ്പ് ഞാൻ മരിക്കുകയും അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ...” (19:23)
ഈ സമയത്ത് താഴ്ഭാഗത്ത് നിന്ന് ഒരു വിളിനാദം കേട്ടു. “വിഷമിക്കേണ്ട... നിങ്ങളുടെ റബ്ബ് താഴ്ഭാഗത്ത് ഒരു അരുവി ഒരുക്കിത്തന്നിരിക്കുന്നു. അതിൽ നിന്ന് വെള്ളം കുടിക്കാം. ക്ഷീണം തീർക്കാം. ഈത്തപ്പന പിടിച്ചു കുലുക്കുക. അപ്പോൾ ഈത്തപ്പഴം വീഴും. പഴുത്തുപാകമായ രുചികരമായ ഈത്തപ്പഴം. അത് കഴിച്ചു വിശപ്പടക്കാം..."
താഴേക്കു നോക്കി. അവിടെ ഒരു നീർച്ചാലുണ്ട്. അത് വറ്റിവരണ്ടു
കിടക്കുകയായിരുന്നു. ഇപ്പോൾ അതിൽ വെള്ളമൊഴുകുന്നു. നല്ല ശുദ്ധജലം. ഈത്തപ്പനമരം ഉണങ്ങിപ്പോയിരുന്നു. അതിൽ ഫലം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അത് പച്ചയായിരിക്കുന്നു. അതിൽ പഴുത്തു പാകമായ പഴങ്ങളുണ്ട്.
ഇത് അല്ലാഹുﷻവിന്റെ പക്കൽ നിന്നുള്ള അത്ഭുതകരമായ സഹായം
തന്നെ. വിശുദ്ധ ഖുർആൻ പറയുന്നു:
“അപ്പോൾ അവരുടെ താഴ്ഭാഗത്ത് നിന്ന് അവരെ വിളിച്ചു പറഞ്ഞു: നിങ്ങൾ ദുഃഖിക്കേണ്ട. നിങ്ങളുടെ താഴ്ഭാഗത്ത് നിങ്ങളുടെ റബ്ബ് ഒരു
അരുവി ആക്കിത്തന്നിരിക്കുന്നു." (19:24)
“നിങ്ങളുടെ അടുക്കലേക്ക് ഈത്തപ്പഴം വീണുകിട്ടുവാൻ നിങ്ങൾ ഈത്തപ്പനമരം പിടിച്ചു കുലുക്കുക. എന്നാൽ അത് നിങ്ങൾക്ക് പഴുത്തുപാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും.”(19:25)
“എന്നിട്ട് അത് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (നിന്റെ പുത്രന്റെ മുഖം കണ്ട്) സന്തോഷിക്കുകയും ചെയ്തുകൊള്ളുക. ഇനി മനുഷ്യരിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ അവരോട് നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കണം: കരുണാനിധിയായ റബ്ബിന്ന് മൗനവൃതം അനുഷ്ഠിക്കുവാൻ ഞാൻ നേർച്ചയാക്കിയിട്ടുണ്ട്. അതിനാൽ ഒരാളോടും ഇന്ന് ഞാൻ സംസാരിക്കുകയില്ല.” (19:26)
നോമ്പനുഷ്ഠിക്കുമ്പോൾ സംസാരം ഉപേക്ഷിക്കുന്ന സമ്പ്രദായം
അക്കാലത്തുണ്ടായിരുന്നു. നോമ്പ് നോറ്റിരിക്കുന്നു എന്ന് ആംഗ്യത്തിലൂടെ മറ്റുള്ളവരെ ധരിപ്പിക്കാം. പിന്നെയവർ സംസാരിക്കാൻ നിൽക്കില്ല.
നിർദ്ദേശിക്കപ്പെട്ടതുപോലെ അരുവിയിലെ ശുദ്ധജലം കുടിച്ചു ദാഹം ശമിച്ചു. ഈത്തപ്പന പിടിച്ചു കുലുക്കിയപ്പോൾ ഈത്തപ്പഴം വീണു. രുചികരമായ പഴം കഴിച്ചു. കുഞ്ഞിനെ പ്രസവിച്ചു. ആൺകുഞ്ഞ്. അൽഹംദുലില്ലാഹ്..!
സർവ്വസ്തുതിയും അല്ലാഹുﷻവിന്നാകുന്നു.
അനുഗ്രഹീതനായ പുത്രൻ.
ഉമ്മ കുഞ്ഞിന്റെ മുഖത്തേക്ക് ആവേശത്തോടെ നോക്കി. എന്റെ
പൊന്നുമോൻ..! മാതൃഹൃദയം കുളിരണിഞ്ഞു. എന്തൊരഴകുള്ള കുഞ്ഞ്. ആ ചുണ്ടുകൾ, കണ്ണുകൾ, കവിളുകൾ. നോക്കിക്കണ്ടിട്ട് മതിവരുന്നില്ല...
സമയം ഇഴഞ്ഞുനീങ്ങി. താനും മോനും മാത്രമുള്ള ലോകം. അല്ലാഹുﷻവിന്റെ സഹായം, മലക്കുകളുടെ സാന്നിധ്യം. മോനെ കണ്ടപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷം, ആ സന്തോഷത്തിൽ മനുഷ്യരെ മറന്നുപോയി...
കുഞ്ഞിനെ കൈകളിലെടുത്തു. പാൽകൊടുത്തു. അതിനെ ലാളിച്ചു. മെല്ലെ മെല്ലെ മനുഷ്യരുടെ ഓർമ്മവന്നു. തന്റെ ബന്ധുക്കൾ..! നാട്ടുകാർ. അവരുടെ സമീപത്തേക്കു പോവണം. അവരെ കാണണം. ഇവിടെ ഇങ്ങനെ കഴിയാൻ പറ്റില്ല. പിന്നെയും അസ്വസ്ഥത. എങ്കിലും ധൈര്യം സംഭരിച്ചു. കുഞ്ഞുമായി മുമ്പോട്ടു നടന്നു.
Comments
Post a Comment