Story Of Isa Nabi (عليه السلام) - part 05




സന്തോഷ വാർത്ത (2)

   അക്കാലത്ത് ഇസ്രാഈലികൾക്ക് നിസ്ക്കാരത്തിന്ന് നേതൃത്വം നൽകിയിരുന്നത് ഇംറാൻ ആയിരുന്നു. മർയം (റ)യുടെ ഉമ്മ ഹന്ന വലിയൊരു ഭക്തയായിരുന്നുവെന്നും ഹന്നയുടെ പിതാവ് ഫാഖൂദ് സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള നേതാവും മതഭക്തനുമായിരുന്നുവെന്നും രേഖകളിൽ കാണാം.

 മർയമിന്റെ സഹോദരി അശ് യിഅ് ആയിരുന്നുവെന്നും അവരുടെ ഭർത്താവ് അക്കാലത്തെ പ്രവാചകനായ സകരിയ്യാ (അ) ആയിരുന്നുവെന്നും ചരിത്ര രേഖകളിൽ കാണാം.

സകരിയ്യ (അ) ന്റെ ഭാര്യ ഗർഭം ധരിച്ചു. കുടുംബത്തിൽ അതൊരു വിശേഷ സംഭവമായിരുന്നു. കുലീനവനിതകൾ കൂട്ടായി വരാൻ തുടങ്ങി. അപ്പോൾ മർയം (റ) യൗവ്വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സൽഗുണ സമ്പന്നയും സുന്ദരിയുമാണവർ. മതഭക്തയാണ്. മലക്കുകൾ അവരെ സമീപിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 മലക്കുകൾ ഇങ്ങനെ അറിയിച്ചു: "മർയം, അല്ലാഹു ﷻ നിങ്ങളെ സമുന്നത സ്ഥാനം നൽകി ആദരിച്ചിരിക്കുന്നു. എല്ലാ ദുഷിച്ച മാർഗ്ഗങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയിരിക്കുന്നു. നന്നായി ശുദ്ധീകരിച്ചിരിക്കുന്നു. ലോകവനിതകളിൽ അത്യുന്നത സ്ഥാനം നൽകിയിരിക്കുന്നു. അത് കൊണ്ട് അല്ലാഹുﷻവിനെ കൂടുതലായി ആരാധിക്കുക."

 ഈ സന്ദേശം ലഭിച്ചതോടെ ആരാധനകളിൽ കൂടുതൽ സജീവമായി. പ്രായം കൂടിയപ്പോൾ പഠനം ഗൗരവത്തിലായി. ഇപ്പോൾ ഏകാന്തത ഇഷ്ടപ്പെടുന്നു. കിഴക്കു ഭാഗത്ത് ഒരു മുറിയുണ്ടാക്കി. അവിടെ ഒറ്റക്കിരുന്ന് അല്ലാഹുﷻവിന്ന് ഇബാദത്ത് എടുക്കാൻ തുടങ്ങി. ദീർഘനേരം തൗറാത്ത് പാരായണം ചെയ്യും. വളരെ നേരം നിസ്കരിക്കും. ചിലപ്പോൾ കാൽ വേദനിക്കും. നീര് വന്നുപോവും. കണ്ണീരൊഴുക്കി പ്രാർത്ഥിക്കും.

സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം : "മലക്കുകൾ മർയമിനോട് പറഞ്ഞ സർന്ദർഭവും ഓർക്കുക. ഓ മർയം..! നിശ്ചയമായും അല്ലാഹു നിങ്ങളെ ഉൽകൃഷ്ടയായി തെരഞ്ഞെടുക്കുകയും ശുദ്ധീകരിക്കുകയും ലോക സ്ത്രീകളിൽ ഉൽകൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു." (3:42)

"ഓ മർയം നിങ്ങളുടെ റബ്ബിന്ന് വഴിപ്പെടുകയും നിസ്കരിക്കുന്നവരോടൊപ്പം നിസ്കരിക്കുകയും ചെയ്യുക." (3:43)

 മർയം (റ) ഈ സന്ദേശം ലഭിച്ചതോടെ ആരാധനകൾ വർദ്ധിപ്പിച്ചു. സംസാരം നിയന്ത്രിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. ഒറ്റക്കിരുന്നു അല്ലാഹുﷻവിന്ന് ദിക്റ് ചൊല്ലുക പതിവാക്കി. ഒറ്റക്കാകുമ്പോൾ നല്ല മനഃസ്സാന്നിധ്യം കിട്ടും. അല്ലാഹു ﷻ തനിക്കു നൽകിയ മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി കാണിക്കണം. നന്ദിയുള്ള അടിമയായി ജീവിക്കും.

 ഇതിന്നിടയിലാണ് ആ സംഭവം നടന്നത്. സുന്ദരനായൊരു പുരുഷൻ പ്രത്യക്ഷപ്പെടുന്നു. അയാളെ കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. എന്തുദ്ദേശ്യത്തിലാണ് വരവ്.

 ഒറ്റക്കിരിക്കുന്ന യുവതിയുടെ സമീപം ഒരു യുവാവ് കടന്നു വരുന്നത് ഉചിതമല്ല. കടന്നുപോവാൻ പറഞ്ഞു. അയാൾ പോയില്ല. സംസാരിച്ചു തുടങ്ങി. "അല്ലാഹുﷻവിന്റെ കല്പന പ്രകാരം ഒരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ്. നിങ്ങൾക്കൊരു പുത്രൻ  ജനിക്കും. വളരെ യോഗ്യനായ പുത്രൻ."

 മർയം (റ)ഞെട്ടിപ്പോയി. "തനിക്കു പുത്രൻ ജനിക്കുകയോ? താൻ വിവാഹിതയല്ല. പിന്നെങ്ങനെ കുഞ്ഞുണ്ടാവും. ദുർനടപ്പുകാരിയുമല്ല." മർയം (റ). അക്കാര്യം പറഞ്ഞു...

 ആഗതൻ സാക്ഷാൽ ജിബ്രീൽ (അ) ആയിരുന്നു. പുത്രൻ ജനിക്കുമെന്ന സന്തോഷവാർത്തയുമായിട്ടാണ് വന്നത്. സൂറത്ത് മർയമിൽ ഇങ്ങനെ കാണാം.

"(നബിയേ) വേദ ഗ്രന്ഥത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവിക്കുക. അവൾ തന്റെ സ്വന്തക്കാരിൽ നിന്നും വിട്ടുമാറി കിഴുക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് താമസിച്ചപ്പോൾ." (19:16)

"അങ്ങനെ അവൾ അവരിൽ നിന്ന് മറയത്തക്ക ഒരു മറ സ്വീകരിച്ചു. അപ്പോൾ നാം അവളുടെ അടക്കലേക്ക് നമ്മുടെ റൂഹിനെ (ജിബ്രീലിനെ) അയച്ചു. എന്നിട്ട് അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവൾക്കു രൂപപ്പെട്ടു." (19:17)

"അവൾ പറഞ്ഞു : നീ ഭക്തിയുള്ളവനാണെങ്കിൽ നിന്നിൽ നിന്ന് ഞാൻ പരമകാരുണികനായ അല്ലാഹുവിൽ അഭയം തേടുന്നു." (19:18)

ഏകാകിനിയായ യുവതിയുടെ നിസ്സഹായവസ്ഥ ഈ വാക്കുകളിൽ തുടിച്ചു നിൽക്കുന്നുണ്ട്. തൊട്ടടുത്ത വചനം അവരെ വിസ്മയഭരിതയാക്കുകയാണ് ജിബ്രീൽ (അ) ന്റെ വാക്കുകൾ നോക്കൂ....

"ജിബ്രീൽ (അ)പറഞ്ഞു : നിങ്ങൾക്ക് പരിശുദ്ധനായ ഒരു പുത്രനെക്കുറിച്ചു സന്തോഷവാർത്ത നൽകാൻ വന്ന നിങ്ങളുടെ റബ്ബിന്റെ ദൂതൻ മാത്രമാണ് ഞാൻ."  (19:19)

 തന്റെ റബ്ബ് അയച്ച ദൂതനാണ്. സന്തോഷവാർത്തയുമായിട്ടാണ് വന്നിരിക്കുന്നത്. വന്നത് മലക്കാണ്. താൻ ഗർഭം ധരിക്കും. പ്രസവിക്കും. പ്രസവിക്കുന്നത് പുത്രനെയാണ്. യോഗ്യനായ പുത്രൻ.

തന്റെ സമൂഹം എന്തു ധരിക്കും? തന്നെ ആക്ഷേപിക്കില്ലേ? പരിഹസിക്കില്ലേ? തള്ളിപ്പുറത്താക്കില്ലേ? മനസ്സിളകി മറിയുന്നു. വെപ്രാളത്തോടെയുള്ള പ്രതികരണം വിശുദ്ധഖുർആനിൽ കാണാം.

"മർയം പറഞ്ഞു: എങ്ങനെയാണെനിക്ക് കുട്ടിയുണ്ടാകുന്നത്? ഒരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ദുർവൃത്തയുമല്ല." (19:20)

 മർയം (റ) പറഞ്ഞത് ജിബ്രീൽ (അ) ശരിവെക്കുന്നു. ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ല ദുർനടപ്പുകാരിയുമല്ല. പരിശുദ്ധ വനിതയാണ്. പരിശുദ്ധ വനിതകളുടെ നേതൃസ്ഥാനത്താണ്. ഗർഭം ധരിക്കും. കുട്ടി ജനിക്കും. അത് ഉറപ്പാണ്. കാരണം അത് അല്ലാഹുﷻവിന്റെ നിശ്ചയമാണ്. മാത്രമല്ല അത് വളരെ വലിയ അനുഗ്രഹവുമാണ്. വിശുദ്ധ ഖുർആൻ വചനം നോക്കൂ...

"ജിബ്രീൽ (അ) പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിങ്ങളുടെ റബ്ബ് പറയുന്നു അത് എനിക്കൊരു നിസ്സാര കാര്യമാണ്. അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയാകുന്നു അത്. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യവും ആകുന്നു." (19:21)

 താൻ ഗർഭം ധരിക്കുമെന്നും കുഞ്ഞിനെ പ്രസവിക്കുമെന്നും മർയം (റ)ക്ക് ഉറപ്പായി. ജനങ്ങൾക്കിടയിൽ അപവാദം പ്രചരിക്കുമെന്നും തനിക്കറിയാം ഇനിയെന്ത് ചെയ്യും..? മാറിത്താമസിക്കുക. പെട്ടെന്ന് ജനശ്രദ്ധയെത്താത്ത എങ്ങോട്ടെങ്കിലും മാറിത്താമസിക്കുക..

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30