Story Of Isa Nabi (عليه السلام)- part 06
ജിബ്രീൽ (അ) വന്ന് യോഗ്യനായ പുത്രനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുമ്പോൾ മർയം (റ) വിന്ന് പതിനഞ്ചു വയസ്സ് പ്രായമാണെന്ന് കാണുന്നു. പുഴക്കരയിൽ ഒരു കുളിമുറിയുണ്ടാക്കി അവിടെ ചെന്നാണ് കുളിക്കുക. പതിവുപോലെ കുളിക്കാൻ ചെന്നതായിരുന്നു. അവിടെ വെച്ചാണ് വെളുത്ത സുമുഖനായ ചെറുപ്പക്കാരനായി ജിബ്രീൽ (അ)നെ കണ്ടത്.
മർയം (റ)യുടെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. അങ്ങനെ ഗർഭിണിയായി. ഇത്രയും കാലം ബൈത്തുൽ മുഖദ്ദസിലെ സ്വന്തം മുറിയിൽ താമസിക്കുകയായിരുന്നുവെന്നും ഗർഭിണിയായപ്പോഴാണ് മാറിത്താമസിച്ചതെന്നും കാണുന്നു.
മസ്ജിദുൽ അഖ്സായുടെ കിഴക്കു ഭാഗത്തായിരുന്നു കുളിപ്പുര. ഏതോ ആവശ്യത്തിന്ന് അങ്ങോട്ട് പോയതായിരുന്നു. അപ്പോഴാണ് ജിബ്രീൽ (അ) എത്തിയത്. തുടർന്നു സംഭാഷണം നടന്നതും പരിശുദ്ധനായ പുത്രനെക്കുറിച്ചു സുവിശേഷമറിയിച്ചു. മറിയമിന്റെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. ഊതൽ താഴോട്ടിറങ്ങി. മർയം (റ) ഗർഭിണിയായി.
സകരിയ്യ (അ) ന്റെ ഭാര്യ യഹ് യ (അ)നെ ഗർഭം ധരിച്ച് ആറ്മാസം കഴിഞ്ഞപ്പോഴാണ് മർയം (റ) ഗർഭം ധരിച്ചത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു.
ഗർഭിണികൾ തമ്മിൽ കണ്ട് മുട്ടിയ രംഗം ചരിത്രത്തിലുണ്ട്. മർയം (റ) ഈശാഇനെ കാണാനെത്തി. ഇരുവരും സ്നേഹം പ്രകടിപ്പിച്ചു. ഈശാഹ് പറഞ്ഞു : "നിനക്കറിയാമോ? ഞാൻ ഗർഭിണിയാണ്." ഇരുവരും ആലിംഗനം ചെയ്തു. റബ്ബിന്ന് നന്ദി രേഖപ്പെടുത്തി.
ഈശാഹ് പറഞ്ഞു ഞാനൊരു സ്വപ്നം കണ്ടു. എന്റെ വയറ്റിലുള്ള കുഞ്ഞ് നിന്റെ വയറ്റിലുള്ള കുഞ്ഞിനു മുമ്പിൽ ബഹുമാനപൂർവ്വം ശിരസ്സ് നമിക്കുന്നു. ഈസാ (അ), യഹ് യാ (അ) എന്നിവർ ഒരേകാലത്ത് ഉമ്മമാരുടെ ഗർഭാശയത്തിൽ കിടന്നു. മാസങ്ങളുടെ വ്യത്യാസം മാത്രം. ഒരേ കാലത്ത് ഉമ്മമാരുടെ മടിത്തട്ടിൽ വളർന്നു. വളർച്ചയും ഉയർച്ചയും ഒന്നിച്ചു തന്നെ. യഹ് യായുടെ പ്രസവം ആഘോഷമായിരന്നു. ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ പരിഹാസമായിരുന്നു.
ഇസ്രാഈലികൾക്കിടയിൽ ആരാധനകൊണ്ടും നിസ്വാർത്ഥതകൊണ്ടും പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. യൂസുഫുബ്നു യഹ്ഖൂബുന്നജ്ജാർ. അധിക നേരവും ബൈത്തുൽ മുഖദ്ദസിൽ കാണും. മർയം (റ)തന്റെ ഗർഭത്തെക്കുറിച്ചു അദ്ദേഹത്തോടാണ് ആദ്യം സംസാരിച്ചത്. പിതൃവ്യപുത്രനാണദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അദ്ദേഹം അത്ഭുപ്പെട്ടു നിന്നുപോയി. "മർയം വിത്തിടാതെ സസ്യം ഉണ്ടാകുമോയെന്നോ?" അദ്ദേഹം ചോദിച്ചു.
മറുപടി ഇങ്ങനെ : "വിത്ത് ഇല്ലാതെ സസ്യം ഉണ്ടാകും. ആദ്യത്തെ സസ്യം വിത്തില്ലാതെയാണ് ഉണ്ടായത്. ആദ്യ സസ്യം ആദം (അ)...
"പുരുഷനില്ലാതെ കുഞ്ഞ് ജനിക്കുമോ?"
മർയം (റ)പറഞ്ഞു : "അതെ. ആദം(അ) നെ അല്ലാഹു ﷻ പുരുഷനും സ്ത്രീയുമില്ലാതെ സൃഷ്ടിച്ചു. ഹവ്വായെയും അങ്ങിനെ തന്നെ. അല്ലാഹു ﷻ എല്ലാറ്റിനും കഴിവുള്ളവനാണ്. അവന്റെ ദൃഷ്ടാന്തമായി തന്റെ കുഞ്ഞ് ജനിക്കും..."
സകരിയ്യ (അ)നോടും മർയം (റ) സംസാരിച്ചു. ബൈത്തുൽ മുഖദ്ദസ് വിട്ടുപോവാൻ സമയമായി. ഗർഭിണിക്കിവിടെ സ്ഥാനമില്ല. കടുത്തവേദനയോടെ അവിടെ നിന്നിറങ്ങി. തന്റേതായി അധികസാധനങ്ങളൊന്നുമില്ല. ഉള്ളതും പെറുക്കി അവിടെ നിന്നിറങ്ങി. ബെത്ലഹേം അവിടേക്കായിരുന്നു യാത്രയെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...
അവിടെ ഏകാന്തവാസം. ഇതിന്നിടയിൽ വാർത്ത നാട്ടിൽ പരന്നു. ഓരോ അപവാദ വാർത്തയും മർയമിനെ വല്ലാതെ വിഷമിപ്പിച്ചു. താൻ മരിച്ചു പോയിരുന്നെങ്കിൽ, താൻ വിസ്മരിക്കപ്പെട്ടു പോയിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു പോയി.
Comments
Post a Comment