Story Of Isa Nabi (عليه السلام)- part 07
വിശുദ്ധ ഖുർആൻ പറയുന്നു : "അങ്ങനെ മർയം അവനെ ഗർഭം ധരിച്ചു. എന്നിട്ട് അവർ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്ത് വിട്ടുമാറിതാമസിച്ചു." (19:22)
ഭർത്താവില്ലാതെ ഗർഭിണിയായി എന്ന വാർത്ത നാട്ടിൽ പരന്നു. കുടുംബത്തിലേക്ക് പോവാൻ പറ്റാത്ത അവസ്ഥയായി. യഹൂദ്യായിലെ ബത്ലഹേമിലേക്ക് പോയി എന്ന് പറയപ്പെട്ടിട്ടുണ്ട്. അവരുടെ ദുഃഖം നിറഞ്ഞൊഴുകുന്നു. ഒരു വചനം കാണുക.
”അനന്തരം പ്രസവ വേദന അവളെ ഈത്തപ്പന മരത്തിനടുക്കലേക്ക് കൊണ്ടു വന്നു. മർയം പറഞ്ഞു : ഹാ ഇതിന്ന് മുമ്പ് തന്നെ ഞാൻ മരിക്കുകയും തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായേനേ...!" (19:23)
എന്തുമാത്രം മനഃപ്രയാസമാണവർ സഹിച്ചത്. ഈ വചനത്തിൽ നിന്ന് അതാർക്കും മനസ്സിലാവും. സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങൾ കാണുക. "മലക്കുകൾ പറഞ്ഞ സന്ദർഭം ഓർക്കുക..! ഓ മർയം തന്റെ പക്കൽ നിന്നുള്ള ഒരു വചനം (കാരണമായുണ്ടാകുന്ന കുട്ടിയുടെ ജന്മത്തെക്കുറിച്ച് നിങ്ങളോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ നാമം മർയമിന്റെ മകൻ മസീഹ് ഈസാ എന്നാകുന്നു. ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ചവരിൽ പെട്ടവനുമാണദ്ദേഹം." (3:45)
ഇവിടെ പുത്രന്റെ പേര് വ്യക്തമാക്കിയിരിക്കുന്നു. മസീഹ് ഈസ. മസീഹ് എന്ന് പേര് വെക്കാൻ പല കാരണങ്ങൾ പറഞ്ഞു കാണുന്നു. ഭൂമിയിൽ ധാരാളം യാത്ര ചെയ്യും. ഭൂമി മുറിച്ചു കടന്നു യാത്ര ചെയ്യും. മസാഹ എന്ന അറബി പദത്തിൽ നിന്നാണ് മസീഹ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മസാഹ എന്ന പദത്തിന് യാത്ര ചെയ്തു എന്ന ഒരർത്ഥമുണ്ട്.
മസാഹ എന്ന പദത്തിന്റെ അർത്ഥം തടവുക എന്നാകുന്നു. രോഗികളെ തടവിയാൽ ഉടനെ സുഖപ്പെടും. നിരവധി രോഗികളെ ഈസാ (അ) ഈ വിധത്തിൽ സുഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിന് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകിയിട്ടുണ്ട്.
മശിഹ അല്ലെങ്കിൽ മിശിഹ എന്ന ഹിബ്രു വാക്കിന്റെ അറബി ശൈലിയിലുള്ള പ്രയോഗമാണ് മസീഹ്. അഭിഷേകം ചെയ്യപ്പെട്ടവൻ എന്ന അർത്ഥം. രാജാവായി നിയോഗിക്കപ്പെടുമ്പോഴും പുരോഹിതനായി സ്ഥാനമേൽക്കുമ്പോഴും ഒരു പ്രത്യേക തരം തൈലം കൊണ്ട് അഭിഷേകം ചെയ്യുന്ന പതിവ് അക്കാലത്ത് വേദക്കാരിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
ഈസായെക്കുറിച്ചു മലക്കുകൾ ആദ്യം അറിയിച്ചത് അല്ലാഹുﷻവിൽനിന്നുള്ള വാക്ക് (കലിമത്തു മിനല്ലാഹി) എന്നാകുന്നു. ഈസാ (അ)നെ കലിമ എന്നു വിശേഷിപ്പിച്ചു. പിന്നെ അൽ മസീഹ് എന്ന് വിശേഷിപ്പിച്ചു. മൂന്നാമതായി ഈസാ എന്നു പറഞ്ഞു. അത് സാക്ഷാൽ പേര്. അതിന്റെ ഗ്രീക്ക് രൂപം ക്രിസ്തു.
മർയമിന്റെ മകൻ ഈസാ (ഈസാബ്നു മർയം) എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഖുർആനിൽ ഇത് പരക്കെ പ്രയോഗിച്ചിട്ടുണ്ട്. മർയമിന്റെ മകനാണ്. മർയമിന്റെ മാത്രം മകൻ. പിതാവിനെ പറയാനില്ല.
ക്രിസ്ത്യാനികൾ ദൈവപുത്രൻ എന്നു പറയുന്നു. അതിനെ ഖണ്ഡിക്കുന്ന പ്രയോഗമാണിത്. ദൈവത്തിന്റെ പുത്രനല്ല മർയമിന്റെ പുത്രനാണ്. ജൂതന്മാർ ഈസാ (അ) നെ വ്യഭിചാര പുത്രൻ എന്ന് പരിഹസിച്ചു. യോസേഫിന്റെ പുത്രനാണെന്ന് വാദിച്ചു. ആരുടെയും പുത്രനല്ല മർയമിന്റെ മാത്രം പുത്രനാണെന്ന് ഖുർആൻ പ്രഖ്യാപിച്ചു.
കുട്ടി തൊട്ടിലിൽ വെച്ചു സംസാരിക്കും. മധ്യവയസ്കനായ നിലയിലും സംസാരിക്കും. അദ്ദേഹം സജ്ജനങ്ങളിൽ പെട്ടവനുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു; "തൊട്ടിലിൽ വെച്ചും മധ്യവയസ്കനായ നിലയിലും അദ്ദേഹം മനുഷ്യരോട് സംസാരിക്കുകയും ചെയ്യും. സജ്ജനങ്ങളിൽ പെട്ടവനുമാകുന്നു." (3:46)
തന്റെ പുത്രനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് മർയം (റ)ക്ക് ലഭിച്ചത്. വിശുദ്ധ ഖുർആൻ വചനം കാണുക ആശയം ഇങ്ങനെ : "അപ്പോൾ മർയം ചോദിച്ചു : എന്റെ റബ്ബേ എനിക്ക് എങ്ങനെ കുട്ടിയുണ്ടാവും? എന്നെ ഒരു പുരുഷനും തൊട്ടിട്ടില്ലല്ലോ. അവൻ പറഞ്ഞു : അങ്ങനെ തന്നെയാണ് കാര്യം. താനുദ്ധേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. ഒരു കാര്യം ഉദ്ദേശിച്ചു കഴിഞ്ഞാൽ ഉണ്ടാകുക എന്ന് അതിനോട് പറയുന്നു. അപ്പോൾ അതുണ്ടാകും. (3:47).
Comments
Post a Comment