Story Of Isa Nabi (عليه السلام) --- Part : 03



* ഹന്നയുടെ മകൾ (3)*

   വളരെ ശ്രദ്ധേയമായ ഒരു പ്രാർത്ഥനയാണിവിടെ നടത്തിയത്. പ്രിയപുത്രി മർയമിനെയും മർയമിൽ നിന്നുണ്ടാവുന്ന സന്താന പരമ്പരയേയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് സംരക്ഷിക്കേണമേ..! എന്നാണ് പ്രാർത്ഥന.

 ഈ പ്രാർത്ഥന സകല മുസ്ലിംകൾക്കും പാഠമാണ്. മക്കൾ നന്നായിത്തീരണമെന്ന ആശവേണം. അവരിൽ നിന്നുണ്ടാവുന്ന പരമ്പരയും നന്നാവണം. അതിനുവേണ്ടി പ്രാർത്ഥിക്കണം. പിറന്ന നാൾ തൊട്ടു തന്നെ പ്രാർത്ഥന വേണം. കുട്ടികളെ നന്നാക്കിയെടുക്കാനുള്ള ബുദ്ധിപരമായ പ്രവർത്തനങ്ങളും നടത്തണം. മനഃശാസ്ത്രപരമായ സമീപനം വേണം. ദീനിനോട് ഭക്തി-ബഹുമാനങ്ങൾ വളർത്തിയെടുക്കണം.

 മർയം(റ)വിനെ അല്ലാഹു ﷻ സ്വീകരിച്ചു. ആരാധനയുടെ കേന്ദ്രത്തിലാണവർ വളരാൻ പോവുന്നത്. ബൈത്തുൽ മുഖദ്ദസിൽ പണ്ഡിതന്മാരുണ്ട്. അവരുടെ പ്രഭാഷണങ്ങൾ നടക്കുന്നു. ദീനി പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാണത്.

 സകരിയ്യാ(അ) അവർകളിൽ നിന്നാണ് ശിക്ഷണം ലഭിക്കാൻ പോവുന്നത്. അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ശിക്ഷണം. മർയം (റ)വിനെ അല്ലാഹു ﷻ അനുഗ്രഹിച്ചു. വിജ്ഞാനം കൊണ്ടവർ സമ്പന്നയായിത്തീരണം. അല്ലാഹുﷻവിനെ അറിയുക അതാണ് ഏറ്റവും  ശ്രേഷ്ഠമായ വിജ്ഞാനം. ആ വിജ്ഞാനമാണ് കൊച്ചുപ്രായത്തിൽ തന്നെ ലഭിക്കാൻ പോവുന്നത്.

 ഒരു സമൂഹത്തിലെ ഏറ്റവും നല്ല അധ്യാപകൻ അവരിലേക്ക് നിയോഗിക്കപ്പെട്ട നബിയാകുന്നു. അല്ലാഹുﷻവിനെക്കുറിച്ചുള്ള വിജ്ഞാനം ജനങ്ങൾക്കു പകർന്നു നൽകുന്നത് നബിയാകുന്നു. നബിയുടെ ജീവിതം തൊട്ടടുത്തു നിന്ന് കണ്ട് പഠിക്കാനുള്ള അവസരം ലഭ്യമാവുകയാണ്.

 ഹന്ന തന്റെ കുട്ടിയുമായി ബൈത്തുൽ മുഖദ്ദസിലെത്തി. അപ്പോൾ അവിടെയുള്ള ശുശ്രൂഷകരെല്ലാം കുട്ടിയെ സ്വീകരിക്കാൻ ഉത്സാഹം കാണിച്ചു. കുട്ടിയുടെ സംരക്ഷണത്തിനായി മത്സരബുദ്ധിയോടെ മുമ്പോട്ടു വന്നു. തർക്കം പരിഹരിക്കാൻ ഒരുപായം കണ്ടെത്തി. നറുക്കിടുക...

 എല്ലാവരും ജോർദാൻ നദിയുടെ കരയിൽ വന്നു. ഓരോരുത്തരുടെയും കൈവശം എഴുതാനുപയോഗിക്കുന്ന പേനയുണ്ട്. സകരിയ്യാ (അ) അക്കൂട്ടത്തിലുണ്ട്. കാണികളും ധാരളം. എല്ലാവരും പേന വെള്ളത്തിലിടുക. ആരുടെ പേനയാണോ താഴ്ന്നു ഒഴികിപ്പോകാതെ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് അയാൾക്കാണ് കുഞ്ഞിനെ വളർത്താനുളള അവകാശം ലഭിക്കുക.

 വികാരഭരിതമായ അന്തരീക്ഷം. ഓരോരുത്തരുമായി പേനയിട്ടു. സകരിയ്യാ  (അ) തന്റെ പേനയും നദിയിലിട്ടു. അത്ഭുതം സകരിയ്യാ (അ)ന്റെ പേന മാത്രം പൊങ്ങിക്കിടന്നു. മറ്റുള്ളവയെല്ലാം താഴ്ന്നു ഒഴുകിപ്പോയി. എല്ലാവരുടെയും സമ്മതത്തോടെ സകരിയ്യ (അ) കുഞ്ഞിനെ ഏറ്റെടുത്തു.

 ഇക്കാര്യം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ﷻ  മുഹമ്മദ് നബി ﷺ തങ്ങൾക്ക് അറിയിച്ചുകൊടുത്തു...

 വിശുദ്ധ ഖുർആൻ പറയുന്നു : "ഇതെല്ലാം ദൃശ്യവാർത്തകളിൽ പെട്ടതാണ്. ഇതിനെ വഹിയ് മൂലം താങ്കൾക്ക് നാം അറിയിച്ചു തരുന്നു. മർയമിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് ആരാണെന്ന് തീരുമാനിക്കാൻ അവർ തങ്ങളുടെ പേനകൾ ഇട്ടപ്പോൾ. താങ്കൾ അവിടെ ഹാജരായിരുന്നില്ല. അവർ തർക്കിക്കുമ്പോഴും താങ്കൾ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല."  (3:44)

 യഹൂദരെയും ക്രൈസ്തവരെയും അത്ഭുതപ്പെടുത്തിയ വാർത്തയാണിത്. സകരിയ്യ (അ)നെക്കുറിച്ചും മർയം (റ) വിനെക്കുറിച്ചും ചില വിവരങ്ങൾ അവർക്കറിയാമായിരുന്നു. വിശദ വിവരങ്ങളറിയില്ല. പേന നദിയിലിട്ട സംഭവം അവർക്ക് പുതുമയുള്ള വാർത്തയായിരുന്നു. സകരിയ്യ (അ)അത്ഭുതപ്പെട്ടുപോയ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അവ ശ്രദ്ധിക്കാം.

 അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ പറയുന്നു. മഹതിയുടെ റബ്ബ് മഹതിയെ നല്ല നിലയിൽ സീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്തു. മഹതിയുടെ പരിപാലനത്തിന് സകരിയ്യാ നബി (അ)നെ അവൻ ഭാരമേൽപ്പിക്കുകയും ചെയ്തു.

 മഹതിയുടെ അടുക്കലേക്ക് മുറിയിൽ കടന്നു ചെല്ലുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം മഹതിയുടെ അടുത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു : "ഓ... മർയം ഇത് നിനക്ക് എവിടെ നിന്ന് കിട്ടി..?" മഹതി പറഞ്ഞു : "ഇത് അല്ലാഹുﷻവിങ്കൽ നിന്ന് ലഭിച്ചതാകുന്നു."

"നിശ്ചയമായും താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കു കൂടാതെ ഭക്ഷണം നൽകുന്നതാകുന്നു." (3:37)

 മർയം (റ)വിന്ന് വേണ്ടി സകരിയ്യ (അ) ഒരു മുറി തയ്യാറാക്കിയിരുന്നു. ഒരു ചെറിയ കോണികയറി മുറിയിൽ പ്രവേശിക്കാം. സകരിയ്യാ(അ) മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നത്. ആവശ്യമായ അറിവുകളെല്ലാം സകരിയ്യ (അ)ൽ നിന്ന് മർയം (റ)പഠിച്ചുകൊണ്ടിരുന്നു...

 മർയം (റ)യുടെ മാതാവിന്റെ സഹോദരിയാണല്ലോ സകരിയ്യ  (അ)ന്റെ ഭാര്യാ ഈശാഹ്. രാത്രി പ്രാർത്ഥനക്കു ശേഷം സകരിയ്യ (അ)വീട്ടിലേക്കു മടങ്ങുമ്പോൾ മർയമിനെയും കൊണ്ട് പോവും. രാവിലെ പള്ളിയിലേക്ക് തിരിച്ചുകൊണ്ട് വരികയും ചെയ്യും. രാത്രി ഭക്ഷണവും ഉറക്കവും മൂത്തുമ്മായുടെ കൂടെ. പ്രഭാത ഭക്ഷണവും അവിടെത്തന്നെ...

 കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മർയം (റ)യുടെ ആഹാരകാര്യം സകരിയ്യ (അ)നെ അത്ഭുതപ്പെടുത്തി. വിശിഷ്ടമായ ഭക്ഷണസാധനങ്ങൾ മുറിയിൽ കാണും. വേനൽക്കാലത്തെ പഴങ്ങൾ വർഷക്കാലത്ത് കാണും. വർഷക്കാലത്തെ പഴങ്ങൾ വേനൽകാലത്തും കാണും. "എവിടെ നിന്ന് കിട്ടി ഇവ..?" സകരിയ്യ (അ) ചോദിച്ചു.

"അല്ലാഹുﷻവിങ്കൽ നിന്നു ലഭിച്ചു."

 മർയം(റ)വിന്റെ കുട്ടിക്കാലത്തെ കറാമത്ത് തന്നെയായിരുന്നു അത്. കൂടെ ചെറിയൊരു വിശദീകരണവും അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. കണക്കില്ലാത്ത അനുഗ്രഹമാണ് മർയം (റ)വിന്ന് ലഭിച്ചത്. അനുഗ്രഹീതനായ പുത്രനെ ലഭിച്ചു. അത് ഏറ്റവും വലിയ ഭാഗ്യം...

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30