Story Of Isa Nabi (عليه السلام)- part 10




   സ്വന്തക്കാരുടെ അടുത്തേക്ക് പോവണമെന്നാണ് തനിക്ക് ലഭിച്ച നിർദ്ദേശം. അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ല. കുഞ്ഞിനു നേരെ അവരുടെ ശ്രദ്ധ തിരിച്ചു വിട്ടാൽ മതി. കുഞ്ഞ് സംസാരിച്ചുകൊള്ളും.

 വീട്ടിലെത്തി. ബന്ധുക്കളും അയൽക്കാരും കൂടി. വിവരമറിഞ്ഞു പലരുമെത്തി. എല്ലാമുഖങ്ങളും രോഷം കൊണ്ട് കറുത്തിരുണ്ടു.
പരുഷവാക്കുകളിൽ സംസാരം തുടങ്ങി.

 ആ സമൂഹത്തിൽ ആരാധനയിൽ മുഴുകിക്കഴിയുന്ന നല്ലൊരു മനുഷ്യനുണ്ടായിരുന്നു. എല്ലാ നന്മകളും ചേർന്ന സൽസ്വഭാവിയായ മനുഷ്യൻ. പേര് ഹാറൂൻ. ആളുകൾ ആദരവോടുകൂടി മാത്രമേ ആ പേർ പറയുകയുള്ളൂ.

 ഹാറൂനിനെപ്പോലെയാണ് മർയമിനെയും ആ സമൂഹം കണ്ടത്. ചിലർ മർയമിനെ ഹാറൂനിന്റെ സഹോദരി എന്നുവരെ വിളിച്ചുകഴിഞ്ഞു. ഹാറൂനിന് തുല്യമായവൾ എന്ന് പൊതുവിൽ പറഞ്ഞുവന്നു. അങ്ങനെയുള്ള ഒരുവൾ ഈവിധമായിപ്പോയി. ഒരു കുഞ്ഞിനെ പ്രസവിച്ചു വന്നിരിക്കുന്നു...

 ചിലർ കോപംകൊണ്ട് പല്ല് ഞെരിച്ചു. പലരും ഉച്ചത്തിൽ സംസാരിക്കുന്നു. അപ്പോഴും മർയമിന്റെ മുഖം ശാന്തമായിരുന്നു. ഞാൻ നോമ്പ്കാരിയാണ്. സംസാരിക്കാൻ പറ്റില്ല. മർയം (റ) അവരെ ആംഗ്യത്തിലൂടെ ബോധ്യപ്പെടുത്തി...

 ചിലർക്ക് രോഷം വർദ്ധിച്ചു. മർയം (റ) കുഞ്ഞിനുനേരെ കൈചൂണ്ടി. അതിനോട് സംസാരിച്ചുകൊള്ളൂ എന്ന സൂചന. ചിലർ കോപത്തോടെ വിളിച്ചു ചോദിച്ചു.

"നീ എന്താണിപ്പറയുന്നത്? തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ആരെങ്കിലും സംസാരിക്കുമോ? അതിന്ന് മറുപടി പറയാൻ കഴിയുമോ..?"

 കഴിയുമെന്ന് സൂചിപ്പിച്ചു. കുട്ടി സംസാരിക്കാൻ തുടങ്ങി. ആളുകൾ സ്തബ്ധരായിപ്പോയി.വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കൂ...!

“അനന്തരം അവർ കുട്ടിയെ എടുത്തുകൊണ്ട് തന്റെ ജനതയുടെ അടുത്തേക്ക് ചെന്നു. അവർ പറഞ്ഞു: "ഓ.. മർയം മഹാത്ഭുതകരമായ ഒരുകാര്യം തന്നെയാണ് നീ ചെയ്തിരിക്കുന്നത്.” (19:27)

“ഓ ഹാറൂനോട് തുല്യമായവളേ..! നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർനടപ്പുകാരിയുമായിരുന്നില്ല.” (19:28)

“അപ്പോൾ മർയം കുട്ടിയുടെ നേരെ കൈചൂണ്ടി. ആളുകൾ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ഞങ്ങൾ എങ്ങനെ സംസാരിക്കും.” (19:29)

 തൊട്ടിലിൽ കിടന്ന കുട്ടി സംസാരിക്കുന്നു. പിൽക്കാലത്ത് ലോകമെങ്ങും പ്രചരിക്കാൻ പോവുന്ന ഒരാശയത്തെ ഖണ്ഡിക്കുന്നതായിരുന്നു ആദ്യവചനം.

إِنِّي عَبْدُ اللَّـهِ
(ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു.)

 ഈസാ (അ) ൽ നിന്ന് ആദ്യമായി പുറത്തുവന്ന വചനം ഇതാകുന്നു. അല്ലാഹുﷻവിന്റെ അടിമ എന്ന വചനം. ദൈവപുത്രൻ എന്നല്ല. അല്ലാഹുﷻവിന്ന് പുത്രനില്ല. മനുഷ്യൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. ഈ വസ്തുത തൊട്ടിലിൽ നിന്ന് ആളുകൾ കേട്ടു.

 എനിക്ക് അല്ലാഹു ﷻ കിതാബ് നൽകി.
എന്നെ അവൻ നബിയായി നിയോഗിച്ചു. എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു.
എന്റെ ജീവിതകാലം മുഴുവൻ നിസ്കരിക്കാനും സക്കാത്ത്
നൽകാനും എന്നോടവൻ കല്പിച്ചു...

 എന്നെ അവൻ സ്വന്തം മാതാവിന്ന് ഗുണം ചെയ്യുന്നവനാക്കിയിരിക്കുന്നു. നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല. ഞാൻ ജനിച്ച ദിവസവും മരണപ്പെടുന്ന ദിവസവും വീണ്ടും ജീവിപ്പിക്കപ്പെടുന്ന ദിവസവും എന്റെ മേൽ അല്ലാഹുﷻവിന്റെ സമാധാനം
ഉണ്ടായിരിക്കും.

 അതാണ് മർയമിന്റെ മകൻ ഈസ.
ഇൗസബ്നു മർയം അല്ലാഹുﷻവിന്റെ അടിമയാകുന്നു. പ്രവാചകനുമാകുന്നു. ഇതാണ് സത്യവചനം...

قَوْلَ الْحَقِّ

ഇതിൽ പിൽക്കാലത്ത് ഭീകരമായ ഭിന്നിപ്പുണ്ടായി...

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30