Story Of Isa Nabi (عليه السلام)- part 11
വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക... “തൊട്ടിലിൽ കിടക്കുന്ന കുട്ടി പറഞ്ഞു: നിശ്ചയമായും ഞാൻ
അല്ലാഹുവിന്റെ അടിമയാകുന്നു. എനിക്കവൻ കിതാബ് നൽകുകയും
എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.” (19:30)
“ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതനാക്കുകയും ജീവിച്ചിരിക്കുമ്പോഴെല്ലാം നിസ്കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവൻ എന്നോട് കല്പിക്കുകയും ചെയ്തിരിക്കുന്നു.” (19:31)
“എന്നെ അവൻ സ്വന്തം മാതാവിന്ന് നന്മചെയ്യുന്നവനും ആക്കിയിരിക്കുന്നു. അവൻ എന്നെ നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല.” (19:32)
“ഞാൻ ജനിച്ച ദിവസവും മരണമടയുന്ന ദിവസവും, ജീവനുള്ളവനായി ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമുണ്ടായിരിക്കും.” (19:33)
“അതാണ് മർയമിന്റെ മകൻ ഈസാ. ഇത് സത്യമായ വാക്കാണ്. ഇതിലാണവർ ഭിന്നിക്കുന്നത്.” (19:34)
കുട്ടി സംസാരിച്ചു. ആളുകൾ കേട്ടു. കേട്ടതെല്ലാം സത്യമാണെന്ന്
ചിലർക്ക് ബോധ്യം വന്നു. ബോധ്യം വന്നകാര്യം അവർ പരസ്യമായി പറഞ്ഞു. പരസ്യമായി പറഞ്ഞത് ചിലർക്ക് അരോചകമായി.
മർയം (റ) വിനെ ദുർനടപ്പുകാരി എന്ന് വിളിക്കാനായിരുന്നു ചിലർക്കു താല്പര്യം. ഈസാ (അ) നെ അവർ വ്യഭിചാര പുത്രനെന്നു വിശേഷിപ്പിച്ചു.
ആളുകൾ രണ്ട് സംഘമായി. വാക്കേറ്റമായി. മർയം(റ)വിനെ ആക്ഷേപിച്ചവർ യഹൂദികൾ.
മർയം (റ) വിനെയും കുട്ടിയെയും ആദരിച്ചവർ ക്രിസ്ത്യാനികൾ...
ക്രിസ്ത്യാനികൾ തന്നെ പല വിഭാഗങ്ങളായി മാറി...
ഈസ (യേശു) ദൈവം തന്നെയാണെന്ന് ചിലർ വാദിച്ചു...
ഈസ ദൈവപുത്രനാണെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു...
ദൈവം മൂന്നാണെന്ന് മറ്റൊരു കൂട്ടർ വാദിച്ചു. യേശു, മറിയം, യഹോവ...
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. പല വ്യാഖ്യാനങ്ങൾ ലോകമെങ്ങും വ്യാപിച്ചു. ഒരു ചെറിയ വിഭാഗം ഈസ (അ) അല്ലാഹുﷻവിന്റെ അടിമയും
ദൂതനുമാണെന്ന് വിശ്വസിച്ചു. ഖുസ്തന്തീൻ രാജാവും കൂട്ടരുമാണ് അങ്ങനെ വിശ്വസിച്ചത്. അവർ നേർമാർഗ്ഗം സ്വീകരിച്ചു.
അല്ലാഹു ﷻ പറയുന്നു: "ഒരു സന്താനത്തെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന്ന് അനുയോജ്യമല്ല. അവൻ പരിശുദ്ധൻ..! ഒരുകാര്യം ഉണ്ടാവാൻ ഉദ്ദേശിച്ചാൽ, നിശ്ചയമായും അതിനോടവൻ പറയും: ഉണ്ടാവുക, അപ്പോൾ അത്
ഉണ്ടാകുന്നു." (19:35)
ഈസ (അ) ദൈവ പുത്രനല്ല. പ്രവാചകനാണ്. ഇക്കാര്യം വിശുദ്ധ
ഖുർആൻ പാഖ്യാപിക്കുന്നു: "(ഈസ നബി (അ) ന്റെ ജനതയോട് പറഞ്ഞു) : "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. ഇതാണ് നേരായ മാർഗ്ഗം.'' (19:36)
"പിന്നീട് അവർക്കിടയിൽ നിന്ന് വിവിധ കക്ഷികൾ വിഭിന്നാഭിപ്രായക്കാരിത്തീർന്നു. ഗൗരവമേറിയ ഒരുദിവസം വന്നെത്തുകമൂലം ആ സത്യനിഷേധികൾക്കു വമ്പിച്ച നാശം." (19:37)
ഗൗരവമേറിയ ഒരു ദിവസം വരും. അന്ന് സത്യനിഷേധികൾ നെടും
ഖേദത്തിലായിരിക്കും. രക്ഷയുടെ ഒരു മാർഗ്ഗവും അവർക്കുണ്ടാവുകയില്ല. ഗൗരവമേറിയ ആ ദിവസം ഏതാണ്..?
അന്ത്യനാൾ ആണെന്നാണ് ഒരഭിപ്രായം. അവർക്ക് ഫലസ്തീൻ നഷ്ടപ്പെട്ട ദിവസമാണെന്ന് മറ്റൊരഭിപ്രായമുണ്ട്...
"ബൈത്തുൽ മുഖദ്ദസ്" അത് മുസ്ലിംകൾക്ക് കീഴടങ്ങി. അവിടെ തൗഹീദിന്റെ പ്രകാശം പരന്നു. ആ ദിവസം സത്യനിഷേധികൾക്ക് ഗൗരവം നിറഞ്ഞ ദിവസം തന്നെയായിരുന്നു. അവർ ദുഃഖിതരായിത്തീർന്നു...
ലോകം മുഴുവൻ ദുഃഖമറിഞ്ഞു. ആ ദിവസത്തെ സൂചിപ്പിക്കുന്നതാണ് മേൽവചനമെന്ന അഭിപ്രായവും നിലവിലുണ്ട്.
Comments
Post a Comment