Story Of Isa Nabi (عليه السلام)- part 12




   മർയം (റ)യേയും ഈസാ (അ)നെയും യഹൂദികൾ വെറുത്തു.
അപവാദങ്ങൾ പറഞ്ഞുപരത്തി. അവരിൽ അസൂയ വളർന്നു...

 ഈസാ (അ) കൊച്ചുകുട്ടിയാണ്. പാഠശാലയിൽ പോവുന്നു. അക്കാലത്തും പല അത്ഭുതങ്ങൾ നടക്കുകയുണ്ടായി. കൂടെ പഠിക്കുന്നവരോട് വീട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊടുക്കും. ആരൊക്കെ വീട്ടിൽ വന്നു? എന്തൊക്കെ ആഹാരങ്ങൾ ഉണ്ടാക്കി? എന്തെല്ലാം സംഭവങ്ങൾ നടന്നു..?

 കുട്ടികൾ പാഠശാലയിൽ നിന്ന് ആവേശത്തോടെ വീട്ടിൽ ഓടിയെത്തും. ഈസാ (അ) എന്ന കുട്ടി പറഞ്ഞതെല്ലാം നടന്നിട്ടുണ്ടാവും. കുട്ടികൾ അത് വിളിച്ചു പറയും.

 “വീട്ടിൽ നടന്ന സംഭവങ്ങൾ നിങ്ങളെങ്ങനയറിഞ്ഞു? നിങ്ങൾ പാഠശാലയിലായിരുന്നുവല്ലോ?” വീട്ടുകാർ ചോദിക്കും...

“എല്ലാം ഈസാ (അ) പറഞ്ഞുതന്നതാണ്.” കുട്ടികൾ പറയും.

 അതുകേൾക്കുമ്പോൾ വീട്ടുകാർക്ക് പേടിയാണ്. ഏതോ പിശാച് ബാധിച്ച കുട്ടിയാണത്. അവനുമായി കൂട്ടുകൂടരുത്. കുട്ടികളെ മാതാപിതാക്കൾ വിലക്കും. ധിക്കാരികളായ യഹൂദികൾ ഉമ്മയെയും മകനെയും ഭീഷണിപ്പെടുത്തി. ഉമ്മയും മകനും ദുശ്ശകുനമാണെന്ന് പറഞ്ഞുപരത്തി. സാധാരണക്കാർ അത് വിശ്വസിച്ചു.

 യഹൂദികൾ ഒരിക്കൽ സകരിയ്യ നബിയോട് ഇങ്ങനെ പറഞ്ഞു: “സകരിയ്യ..! ആ ഉമ്മയും മകനും ശരിയല്ല. അവർ ഇന്നാട്ടിൽ ജീവിക്കുന്നത് നമുക്ക് ദോഷം ചെയ്യും. രണ്ട് പേരെയും വധിച്ചു കളയണം. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം”

 സകരിയ്യ (അ) വേദനയോടെ മറുപടി നൽകി. “സഹോദരന്മാരെ..! നിങ്ങൾ തെറ്റിധരിച്ചിരിക്കുകയാണ്. മർയം പരിശുദ്ധയാണ്. ഒരു കളങ്കവുമില്ലാത്തവളാണ്. മകൻ ഈസാ(അ) ദൈവ ദൂതനാണ്. അവരെ കുറ്റം പറയരുത്. വെറുക്കരുത്. ഉപദ്രവിക്കരുത്.”

 യഹൂദികൾ രോഷത്തോടെ അലറി. “നാശം പിടിച്ചവനെ..! ഞങ്ങളവരെകൊല്ലും. അവരെ സഹായിക്കാൻ നടക്കുന്ന നിന്നെയും കൊല്ലും. നിന്റെ മകൻ ഒരുത്തനുണ്ടല്ലോ, യഹ്‌യ, അവനെയും ഞങ്ങൾ വെറുതെ വിടില്ല.” (പിൽക്കാലത്ത് സകരിയ്യ (അ) യഹ്‌യ (അ) എന്നിവരെ ജൂതന്മാർ വധിച്ചുകളഞ്ഞു)

 എന്തൊരു സമൂഹം..! എന്തൊരു ധിക്കാരം..! അല്ലാഹുﷻവിന്റെ പുണ്യ പ്രവാചകന്മാർക്ക് നേരെയാണവർ വധഭീഷണി മുഴക്കുന്നത്. നാട്ടിൽ ജീവിതം ദുസ്സഹമായിരിക്കുന്നു. എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോവുക തന്നെ.

 ഉമ്മയും മകനും ഈജിപ്തിലേക്കു പുറപ്പെട്ടു. അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു. ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. ഗ്രാമത്തിലെ ഒരു പ്രമുഖൻ അവരെ സ്വീകരിച്ചു. വീട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചു. അത് കാരണം അദ്ദേഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടായി, കുടുംബത്തിലെ പല വിഷമങ്ങളും തീർന്നു...

 ഉമ്മയും മകനും യാത്ര തുടർന്നു. വിശാലമായൊരു നദിയുടെ കരയിലെത്തി. വലവീശി മത്സ്യം പിടിക്കുന്ന ചിലരെ അവിടെ കണ്ടുമുട്ടി. അവരോട് ഈസാ(അ) ഇങ്ങനെ പറഞ്ഞു: "ഞങ്ങളോടൊപ്പം വന്നോളൂ.. ഇതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാർഗ്ഗം കാണിച്ചുതരാം.”

 കുറേപേർ അത് വിശ്വസിച്ചു. കൂടെ നടന്നു. ഈസാ (അ) അവർക്ക് ആത്മീയോപദേശങ്ങൾ നൽകി.  ആരാധനയാകുന്ന വലവീശി ആത്മാവിനെ പിടികൂടുക, ശരീരത്തിന്റെ ഇച്ഛകൾ വെടിഞ്ഞ് ഇബ്ലീസിനെ പരാജയപ്പെടുത്തുക.

 പിന്നെയും ഉപദേശം തുടർന്നു. ഓരോ വാക്കും അവരെ നന്നായി ആകർഷിച്ചു. അപ്പോൾ അവർ ആകാംക്ഷയോടെ ചോദിച്ചു...

“അങ്ങ് ആരാണ്..? ഞങ്ങൾക്കു പറഞ്ഞുതന്നാലും.”

“ഞാൻ അല്ലാഹുﷻവിന്റെ അടിമയും നബിയുമാകുന്നു. മർയമിന്റെ
പുത്രനുമാകുന്നു.”

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30