Story Of Isa Nabi (عليه السلام)- part 15
മർയം (റ)യും മകൻ ഈസാ (അ) എന്ന കുട്ടിയും എവിടെയാണ് അഭയം തേടിയത്..? ഇതിനെപ്പറ്റി പല അഭിപ്രായങ്ങൾ നിലവിലുണ്ട്...
വിശുദ്ധ ഖുർആനിൽ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: "ഇബ്നുമർയമിനെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. താമസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേട് പ്രദേശത്ത് രണ്ട് പേർക്കും നാം അഭയം നൽകുകയും ചെയ്തു." (23:50)
ഈ മേട് പ്രദേശം എവിടെയായിരുന്നു..? ഡമസ്കസിൽ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ബൈത്തുൽ മുഖദ്ദസിലാണെന്ന് മറ്റൊരഭിപ്രായം. ഈജിപ്തിലാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഫലസ്തീനിലെ റംലയിലാണെന്നും പറയപ്പെട്ടിട്ടുണ്ട്...
പിതൃവ്യപുത്രനായ യൂസുഫുന്നജ്ജാർ സഹായത്തിനുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി എന്നാണ് ബലമായ അഭിപ്രായം.
"ബൈബിൾ പറയുന്നതിങ്ങനെ: യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നെ കൂട്ടിക്കൊണ്ട് പുറപ്പെട്ട് മിസ്റയീമിലേക്ക് പോയി. ഹെരോദാവ് രാജാവിന്റെ മരണത്തോളം അവിടെ താമസിച്ചു."
മറ്റൊരു വചനം ഇങ്ങനെ: "മെസീഹായുടെ ജനനത്തെക്കുറിച്ച് ജ്യോത്സ്യന്മാരിൽ അറിവ് കിട്ടി. യഹൂദരന്മാരുടെ രാജാവ് പിറക്കാറായിട്ടുണ്ട് എന്ന് അറിവ് കിട്ടിയതനുസരിച്ച് ഹിരോദാസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചുകൊല്ലുവാൻ ശ്രമിച്ചു. രണ്ട് വയസ്സിനു താഴെ പ്രായമുള്ള വളരെ കുട്ടികൾ ഇക്കാരണത്താൽ ബത്ലഹേമിൽ കൊല്ലപ്പെട്ടിട്ടുണ്ട്."
ഉമ്മയും മകനും വർഷങ്ങളോളം ഈജിപ്തിൽ താമസിച്ചു. അതിന്നുശേഷം ഫലസ്തീനിൽ വന്നു. ഈസാ (അ) വളർന്നുവലുതായി. ജനങ്ങളെ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കാൻ തുടങ്ങി. അതോടെ എതിർപ്പുകൾ ശക്തി പ്രാപിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ കാണിച്ചിട്ടുണ്ട്.
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളരെയേറെ വളർന്നു വികസിച്ച കാലമായിരുന്നു അത്. അതിനെ വെല്ലുന്ന മുഅ്ജിസത്തുകളാണ് ഈസാനബി (അ) ന്റെ കൈക്ക് അല്ലാഹു ﷻ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടിരുന്നത്.
സത്യമതപ്രബോധനം തുടങ്ങിയപ്പോൾ ഒരു വലിയ വിഭാഗം ജനത എതിർത്തു. അവർ അക്കാലത്തെ കാഫിറുകൾ ആകുന്നു. മഹാഭൂരിപക്ഷം അവരോടൊപ്പമാണ്.
ഒരു സന്നിഗ്ദ ഘട്ടത്തിൽ ഈസാ (അ) ചോദിച്ചു: "അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട്..?"
ഒരു വിഭാഗം ആവേശപൂർവ്വം മറുപടി നൽകി. “അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ അങ്ങയെ സഹായിക്കാൻ ഞങ്ങളുണ്ട്. ഞങ്ങൾ അല്ലാഹുﷻവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. അങ്ങ് സാക്ഷ്യം വഹിക്കുക.”
ഈ പ്രഖ്യാപനം നടത്തിയവരാണ് ഹവാരികൾ. സഹായികൾ പന്ത്രണ്ട് പേരായിരുന്നു. ഹവാരികൾ അലക്കുകാരായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അവർ മത്സ്യവേട്ടക്കാരാണെന്ന് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നു...
മഹാഭൂരിപക്ഷം എതിരായിരുന്നിട്ടും ഹവാരികൾ സത്യസാക്ഷ്യം വഹിച്ചു. അവരുടെ ഈമാൻ ശക്തമായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫാ ﷺ തങ്ങൾ പലപ്പോഴും ഹവാരികളെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്...
അഹ്സാബ് യുദ്ധം തുടങ്ങാറായ കാലം. യുദ്ധത്തിൽ പങ്കെടുക്കാൻ നബി ﷺ മുസ്ലിംകളെ ക്ഷണിച്ചു. സുബൈർ (റ) ധൃതിയിൽ ആ ക്ഷണം സ്വീകരിച്ചു മുമ്പോട്ട് വന്നു. അപ്പോൾ സന്തോഷത്തോടെ നബി ﷺ തങ്ങൾ പറഞ്ഞു: "എന്റെ ഹവാരിയാണ് സുബൈർ."
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാരവേലകൾനടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു..
Comments
Post a Comment