Story Of Isa Nabi (عليه السلام)- part 16
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാര വേലകൾ നടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു. ചെപ്പടി വിദ്യ കാണിക്കുന്നവൻ, കള്ളം പറയുന്നവൻ, വ്യാജൻ, മതം നശിപ്പിക്കുന്നവൻ, കുഴപ്പക്കാരൻ എന്നൊക്കെ വിളിച്ചു. കള്ള ആരോപണങ്ങൾ പറഞ്ഞുപരത്തി. അതൊന്നും ഫലിക്കാതെ വന്നപ്പോൾ കുരിശിൽ തറച്ചു കൊല്ലാൻ പരിപാടിയിട്ടു..!!
ഇതിനെക്കുറിച്ചുള്ള ബൈബിൾ വിവരണം ഇങ്ങനെ: "പിലാത്തോസ് രാജാവായിരുന്നു ബൈത്തുൽ മുഖദ്ദസ് ഭരിച്ചിരുന്നത്. ഇദ്ദേഹം റോമൻ കൈസറുടെ കീഴിലായിരുന്നു. ശ്രതുക്കൾ പിലാത്തോസ് രാജാവിന്റെ മുമ്പിലെത്തി. ഈസാ (അ)നെക്കുറിച്ചു ധാരാളം ആരോപണങ്ങൾ ഉന്നയിച്ചു.
ഈസ റോമൻ ഭരണകൂടത്തിന്നെതിരായി പ്രവർത്തിക്കുന്നു. യഹൂദരുടെ രാജാവായിത്തീരാൻ ശ്രമിക്കുന്നു. പിലാത്തോസ് വിഗ്രഹാരാധകനായിരുന്നു. അദ്ദേഹം ഈസാ (അ) നെ വിളിച്ചുവരുത്തി സംസാരിച്ചു. ആരോപണങ്ങൾ വ്യാജമാണെന്ന് രാജാവിന്ന് ബോധ്യമായി. വെറുതെ വിട്ടു. ഈസാ (അ) സ്ഥലം വിട്ടു.
ഞങ്ങളുടെ തന്ത്രം പൊളിയുമെന്ന് കണ്ടപ്പോൾ യഹൂദന്മാർ ഒച്ചവെക്കാൻ തുടങ്ങി. അവനെ കുരിശിൽ തറക്കുക. അവർ പിലാത്തോസിനെ ഭീഷണിപ്പെടുത്തി.
അവനെ വെറുതെവിട്ടാൽ ഞങ്ങൾ റോമൻ കൈസറെ കാണാൻ പോവും. നിങ്ങൾക്കെതിരെ പരാതി നൽകും. നിങ്ങൾക്കെതിരെ നടപടിയുണ്ടാവും. നിങ്ങളുടെ രാജപദവി നഷ്ടപ്പെടും. അതൊന്നും സംഭവിക്കാതിരിക്കാൻ ഒറ്റമാർഗ്ഗമേയുള്ളൂ. അവനെ വധിക്കുക..!!
നിരപരാധിയെ വധിക്കാൻ രാജാവിന്ന് മനസ്സ് വന്നില്ല. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ന്യായപ്രയാണമായ തൗറാത്ത് അനുസരിച്ചു നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. ഈ നിരപരാധിയുടെ രക്തത്തിൽ എനിക്ക് പങ്കില്ല. ഞാൻ ആ പാപത്തിൽ നിന്നൊഴിവാണ്."
ശത്രുക്കൾ അതൊന്നും അംഗീകരിച്ചില്ല. രാജാവിന്ന് നിർബന്ധത്തിന്ന് വഴങ്ങേണ്ടിവന്നു. ഈസാ (അ) ന്റെ ശിഷ്യന്മാരിൽ ഒരാൾ യഹൂദന്മാരിൽ നിന്ന്
മുപ്പത് വെള്ളിവാങ്ങി അദ്ദേഹത്തെ ഒറ്റിക്കൊടുക്കാൻ വാക്കു പറഞ്ഞിരുന്നു. അയാളുടെ പേര് യൂദാ എന്നായിരുന്നു. അല്ലെങ്കിൽ യൂദാസ്...
ഹവാരികളെക്കുറിച്ച് ആലുഇംറാൻ സൂറത്തിൽ പറയുന്ന ഭാഗം
നോക്കാം.... "ഈസാനബി ഇസാഈല്യരിൽ കാഫിനെ (സത്യനിഷേധത്തെ) അറിഞ്ഞപ്പോൾ ഇങ്ങനെ ചോദിച്ചു: അല്ലാഹുവിലേക്കുള്ള മാർഗ്ഗത്തിൽ എന്റെ സഹായികൾ ആരാണ്?
ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. താങ്കൾ സാക്ഷ്യം വഹിക്കുക.' (3:52)
ഈ വിശ്വാസ പ്രഖ്യാപനത്തിന്ന് ശേഷം ഹവാരികൾ ഹൃദയ സ്പർശിയായ ഒരു പ്രാർത്ഥന നടത്തുന്നുണ്ട്.
"ഞങ്ങളുടെ റബ്ബേ..! നീ എന്താണോ ഞങ്ങളിലേക്ക് അവതരിപ്പിച്ചത് അതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ നിന്റെ പ്രവാചകനെ പിൻപറ്റിയവരാണ്. സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളേയും നീ രേഖപ്പെടുത്തേണമേ..!"
വിശുദ്ധ ഖുർആൻ ഈ പ്രാർത്ഥന ഉദ്ധരിക്കുന്നു. ഇങ്ങനെ: “ഞങ്ങളുടെ റബ്ബേ...! നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിക്കുകയും, ഞങ്ങൾ റസൂലിനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അത്കൊണ്ട് ഞങ്ങളെ സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തിൽ രേഖപ്പെടുത്തേണമേ...!” (3:53)
ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു രാജാവിനെ പാട്ടിലാക്കി. കൊലപ്പെടുത്താനുള്ള വിധി പുറപ്പെടുവിച്ചു. ബലപ്രയോഗവും തന്ത്രവും വിജയിക്കുമെന്നവർ കരുതി. കൊന്നു കളഞ്ഞാൽ ഇനിയാരും ചോദ്യം ചെയ്യാനില്ല.
അല്ലാഹു ﷻ മറ്റൊരു തന്ത്രം പ്രയോഗിക്കാൻ പോവുകയാണ്. ഏത് ത്രന്തമാണ് വിജയിക്കാൻ പോവുന്നത്..?
വിശുദ്ധ ഖുർആൻ പറയുന്നു:
"അവർ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു." (3:54)
ശത്രുക്കൾ യൂദാസിനെ കൈക്കൂലി കൊടുത്തു വശത്താക്കി. ഈസാ (അ)നെ പിടിച്ചുകൊടുക്കാമെന്ന് അവൻ വാക്ക് കൊടുത്തു. ശത്രുക്കളെയും കൂട്ടി അവൻ വരികയാണ്. സാധാരണ ഈസാ (അ) ഉണ്ടാവാറുള്ള സ്ഥലത്തേക്കാണവർ വരുന്നത്. ആ രാത്രിയിൽ അല്ലാഹു ﷻ തന്ത്രം പ്രയോഗിച്ചു. അത് മൂലം ശതുക്കൾക്ക് ഈസാ (അ)നെ കാണാൻപോലും കിട്ടിയില്ല..
Comments
Post a Comment