Story Of Isa Nabi (عليه السلام)- part 18
ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറങ്ങുക. അതിൽ നിന്ന് ഭക്ഷിക്കുക. ഹവാരികൾക്ക് അങ്ങനെ ഒരാഗ്രഹം വന്നുപോയി. താങ്കൾ ആവശ്യപ്പെട്ടാൽ അല്ലാഹു ﷻ തളിക ഇറക്കിത്തരുമോ? സാധ്യതയുണ്ടോ എന്നാണ് ചോദിക്കുന്നത്...
പ്രവാചകന്റെ മറുപടി പ്രത്യേകം ശ്രദ്ധേയമാണ്. നിങ്ങൾ സത്യവിശ്വാസികളല്ലേ? അല്ലാഹുﷻവിനെ സൂക്ഷിക്കുക, എന്തൊരു ചോദ്യമാണിത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് സൂക്ഷിക്കണം.
അതിന്നവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
അവർ പറഞ്ഞു: “ഞങ്ങൾ അതിൽ നിന്ന് തിന്നുവാൻ ഉദ്ദേശിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ സമാധാനമടയുവാൻ വേണ്ടിയും താങ്കൾ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയുവാൻ വേണ്ടിയും. ഞങ്ങൾ അതിന്ന് സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവരായിത്തീരാനും ആണ് തളിക ഇറക്കാൻ ആവശ്യപ്പെടുന്നത്.” (5:113)
ഖുർആൻ വ്യാഖ്യാതാക്കൾ ഈ ആയത്തിന് വിശദമായ വ്യാഖ്യാനം നൽകിയിട്ടുണ്ട്. ഭക്ഷണത്തളിക ആവശ്യപ്പെടാനുള്ള കാരണങ്ങൾ വളരെ വ്യക്തമാണ്.
*ഒന്ന്:* അതിൽ നിന്ന് ഭക്ഷിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.
*രണ്ട്:* ഞങ്ങളുടെ മനസ്സുകൾക്ക് സമാധാനമുണ്ടാവണം.
*മൂന്ന്:* ഈസാ (അ) പറയുന്ന കാര്യങ്ങളിൽ ദൃഢവിശ്വാസം വരണം.
*നാല്:* ഈ അപൂർവ്വ സംഭവത്തിന് ഞങ്ങൾ സാക്ഷികളാവണം. വെറും ദൃക്സാക്ഷികളല്ല. അനുഭവസാക്ഷികൾ.
ഹവാരികളുടെ ആവശ്യം സദുദ്ദേശ്യപരമാണ്. അത്കൊണ്ട് ഭക്ഷണത്തളികക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമായിത്തീർന്നു. ഒരു ഉത്സവം പോലെ സന്തോഷകരമായ അനുഭവം. ഇക്കാലക്കാർക്കും ഭാവിയിൽ വരുന്നവർക്കും അതൊരു സന്തോഷകരമായ ഓർമ്മയായിരിക്കണം.
അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. അല്ലാഹുﷻവിൽ നിന്ന് കിട്ടിയ അറിയിപ്പ് ഇതായിരുന്നു. ഭക്ഷണത്തളിക ഇറക്കിത്തരാം. അതിന്നുശേഷം നിങ്ങളിൽ നിന്ന് സത്യനിഷേധം ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ..? ഉണ്ടായാൽ ഇതിന്ന് മുമ്പ് മറ്റാർക്കും കിട്ടാത്തത്ര കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും.
അതെല്ലാം ഹവാരികൾ സമ്മതിച്ചു. വിശുദ്ധ ഖുർആനിൽ ഈസാ (അ) ന്റെ പ്രാർത്ഥന കാണാം. "മർയമിന്റെ മകൻ ഈസ പറഞ്ഞു: അല്ലാഹുവേ...! ഞങ്ങളുടെ റബ്ബേ..! ആകാശത്ത് നിന്ന് നീ ഞങ്ങൾക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ..!
ഞങ്ങൾക്ക് - ഞങ്ങളിൽ ആദ്യമുള്ളവർക്കും അവസാനമുള്ളവർക്കും ഈദ് (പെരുന്നാൾ - ഉത്സവം) ആകുവാനും, നിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തം ആകുവാനും വേണ്ടി. ഞങ്ങൾക്ക് നീ ഉപജീവനം നൽകേണമേ..!
ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണ് നീ." (5:114)
ഭക്ഷണത്തളിക ഇറങ്ങുന്ന ദിവസം ഈദ് (പെരുന്നാൾ) പോലെ ആഹ്ലാദ ഭരിതമായിരിക്കും. ഇന്നുള്ളവർക്കും ഭാവിതലമുറകൾക്കും ആഹ്ലാദകരം. ഉപജീവനമാർഗ്ഗം വേണം. പണിയെടുക്കാനുള്ള ആരോഗ്യം വേണം. അധ്വാനത്തിനനുസരിച്ച് വേതനം വേണം. ജീവിതം ക്ലേശകരമാവരുത്.
അല്ലാഹുﷻവിന്റെ മറുപടി കാണുക. "അല്ലാഹു ﷻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അത് ഇറക്കിത്തരാം. പിന്നീട് നിങ്ങളിൽ നിന്നാരെങ്കിലും സത്യനിഷേധികളായാൽ, ലോകരിൽ ഒരാളെയും ശിക്ഷിക്കാത്തത്ര കഠിനമായ ശിക്ഷ ഞാനവന്ന് നൽകുന്നതാണ്." (5:115)
കാത്തിരിപ്പായി. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. തളിക ഇറങ്ങി. സന്തോഷം അണപൊട്ടി ഒഴുകി. തളികയുടെ മൂടി മാറ്റി. ആകാംക്ഷ നിറഞ്ഞ നയനങ്ങൾ അങ്ങോട്ടു നീണ്ടു. അപ്പം, മത്സ്യം, പഴങ്ങൾ എല്ലാവരും കഴിക്കാനിരുന്നു. വേണ്ടുവോളം കഴിച്ചു തൃപ്തരായി...
മുഅ്‌മിനീങ്ങൾ അല്ലാഹുﷻവിനെ വാഴ്ത്തി.
Comments
Post a Comment