Story Of Isa Nabi (عليه السلام)- part 19
സുപ്ര ഇറങ്ങി
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. അലക്കുകാരായ കുറേപേർ ഈസാ (അ) നോടൊപ്പം ചേർന്നു. ഹൃദയശുദ്ധീകരണത്തെക്കുറിച്ചാണ് അവരോട് സംസാരിച്ചത്. പറഞ്ഞതെല്ലാം വിശ്വസിച്ചു. ആരാധനാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷാമം പിടിപെട്ട ഒരുനാട്ടിൽ അവരെത്തിച്ചേർന്നു. ജനങ്ങളെല്ലാം പട്ടിണിയിലാണ്.
"മർയമിന്റെ മകനേ...! ആകാശത്ത് നിന്ന് ഭക്ഷണം നിറച്ച ഒരു സുപ ഇറക്കിത്തരാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക."
ഈസാ നബി (അ) പെട്ടെന്ന് പ്രാർത്ഥിക്കാൻ തയ്യാറായില്ല. നിങ്ങൾ മുപ്പത് ദിവസം നോമ്പെടുക്കുക. അതായിരുന്നു നിർദ്ദേശം.
അവർ മുപ്പത് ദിവസം നോമ്പ് നോറ്റു.
ഈസാ (അ) ഒരു കമ്പിളി മാത്രം പുതച്ച് മൈതാനിയിലിറങ്ങി. തല മറച്ചില്ല. മൈതാനം നിറയെ ആളുകൾ തടിച്ചുകൂടി. അവിടെ വെച്ച് ഈസാ (അ) പ്രാർത്ഥിച്ചു. അതൊരു ഞായറാഴ്ചയായിരുന്നു.
രണ്ട് മേഘങ്ങൾക്കു മധ്യത്തിൽ ഒരു ചുവന്ന സുപ്ര പ്രത്യക്ഷപ്പെട്ടു. എല്ലാ ഖൽബുകളും പ്രാർത്ഥനാ നിർഭരമായി.
“അല്ലാഹുവേ..! എന്നെ നന്ദിയുള്ള അടിയാർകളിൽ ഉൾപ്പെടുത്തേണമേ...!" ഈസാ നബി (അ) പ്രാർത്ഥിച്ചു. സുപ്ര ഇറങ്ങി വന്നു. ഭൂമിയിൽ വന്നു നിന്നു. ഈസാ (അ) അല്ലാഹുﷻവിന്നു നന്ദി രേഖപ്പെടുത്തിക്കൊണ്ട്
പ്രത്യേക പ്രാർത്ഥന നടത്തി...
സുപ്രയുടെ മൂടി തുറന്നു. ഒരുമീൻ പാകം ചെയ്തു വെച്ചിരിക്കുന്നു. അതിന്ന് തൊലിയില്ല. മുള്ളില്ല അതീവ രുചികരമായ മത്സ്യം. മത്സ്യത്തിന്റെ ചുറ്റിലുമായി പ്രന്തണ്ട് റൊട്ടികൾ. അഞ്ച് മാതളപ്പഴം, കുറച്ച് ഈത്തപ്പഴം, സെയ്ത്തെണ്ണ, തേൻ, ചില സസ്യക്കറികൾ. സുപ്രയുടെ ഒരു ഭാഗത്തായി സുർക്കയും നെയ്യും വെച്ചിരുന്നു.
ആളുകൾ ആഹാരം കഴിക്കാൻ തുടങ്ങി. ആവോളം കഴിച്ചു. ഒരു കുറവും വന്നില്ല. ആളുകൾ വരുന്നു... കഴിക്കുന്നു... ആയിരത്തിമുന്നൂറ് ആളുകൾ ആഹാരം കഴിച്ചു. എന്നിട്ടും ആഹാരം ബാക്കി. ആഹാരം കഴിച്ച രോഗികളുടെ രോഗം മാറി. ആഹാരം കഴിഞ്ഞശേഷം സുപ്ര ഉയർന്നുപോയി...
അടുത്തദിവസവും മധ്യാഹ്നത്തിന് മുമ്പ് സുപ്രയിറങ്ങി. ആളുകൾ ആഹാരം കഴിച്ചു. അതിന്നുശേഷം സുപ്ര ഉയർന്നു പോയി. മൂന്നാം ദിവസവും സുപ്ര ഇറങ്ങി. സുപ്ര ഇറങ്ങിയ ദിവസത്തെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്....
ഒരു ദിവസം മാത്രമേ സുപ്ര ഇറങ്ങിയിട്ടുള്ളൂ എന്നാണ് ഒരഭിപ്രായം. മൂന്നു ദിവസം ഇറങ്ങിയെന്നും അഭിപ്രായമുണ്ട്. ഏഴ് ദിവസം ഇറങ്ങിയെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു. സുപ്ര ഇറങ്ങിയ ശേഷം ആരെങ്കിലും സത്യനിഷേധം കാണിച്ചാൽ, മുമ്പ് ആർക്കും കിട്ടാത്ത അത്രയും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അല്ലാഹു ﷻ മുന്നറിയിപ്പ് നൽകിയിരുന്നു...
ആളുകൾ ഭയന്നുപോയി. ഈസാ (അ) പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു. വിശ്വാസം തെറ്റിക്കാൻ ധൈര്യം പോരായിരുന്നു. മറ്റൊരു അഭിപ്രായം കൂടിയുണ്ട്. ഭക്ഷണം നിറച്ച സുപ്ര ഇറങ്ങിയിട്ടില്ല. തങ്ങൾ ചോദിച്ചത് അവിവേകമായിപ്പോയി എന്ന് മനസ്സിലാക്കി ജനങ്ങൾ പിൻമാറുകയായിരുന്നു. ഭക്ഷണത്തളികയോ സുപ്രയോ ഇറങ്ങിയിട്ടില്ലെന്നാണ് അവരുടെ വാദം...
ആകാശത്ത് നിന്നിറങ്ങിയ തളികയിൽ ഏഴ് പത്തിരിയും ഏഴ് പൊരിച്ച മീനും ഉണ്ടായിരുന്നുവെന്നാണ് ഒരു റിപ്പോർട്ട്.
ഭക്ഷണം പിറ്റേ ദിവസത്തേക്ക് എടുത്തു സൂക്ഷിക്കരുത് എന്ന് കല്പിച്ചിരുന്നു. ഇത് വഞ്ചനയാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. ചിലർ ആരും കാണാതെ ഭക്ഷണം എടുത്തു ഒളിപ്പിച്ചുവെച്ചു. പിറ്റേന്ന് നേരം പുലർന്നപ്പോൾ അവർ പന്നികളും കുരങ്ങുകളുമായി മാറ്റപ്പെട്ടു.
ബന്ധുക്കൾ വെപ്രാളത്തോടെ ഓടി. ഈസാ നബി (അ)നെ സമീപിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടം പറഞ്ഞു. ഈസാ (അ) വന്നപ്പോൾ പന്നികളും കുരങ്ങുകളും വാവിട്ടു കരയാൻ തുടങ്ങി. തല ഉയർത്തി നബിയെ നോക്കി. സംസാരിക്കാൻ പറ്റുന്നില്ല. ആർക്കും അവരെ വേണ്ട. മൂന്ന് ദിവസങ്ങൾ കടന്നുപോയി. എല്ലാവരും പിന്നെ ചത്തൊടുങ്ങി. അങ്ങനെയും റിപ്പോർട്ടിൽ കാണുന്നുണ്ട്...
ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നതിനുമുമ്പ് മുപ്പത് നോമ്പ് നോൽക്കാൻ ഈസാ (അ) ജനങ്ങളോട് നിർദ്ദേശിച്ചു. അവരെല്ലാവരും നോമ്പെടുത്തു. നോമ്പ് കഴിഞ്ഞതിന്റെ പിറ്റെ ദിവസം പെരുന്നാൾ (ഈദ്), ഖുർആനിൽ ഈദ് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ജനം ആകാശത്തേക്ക് ഉറ്റുനോക്കി. രണ്ട് മേഘങ്ങൾക്കിടയിലായി സുപ്ര കാണപ്പെട്ടു. എല്ലാവരും അതിശയത്തോടെ ആകാശത്തേക്ക് ഉറ്റുനോക്കി...
ഭക്ഷണ സുപ്ര താഴ്ന്നുവന്നു. ഈസാ (അ) ന്റെ മുമ്പിൽ വന്നിറങ്ങി...
"ബിസ്മില്ലാഹി ഖൈരി റാസിഖീൻ"
ഭക്ഷണം നൽകുന്നതിൽ ഉത്തമനായ അല്ലാഹുﷻവിന്റെ നാമത്തിൽ എന്നു പറഞ്ഞുകൊണ്ട് മൂടി തുറന്നു...
ജനങ്ങൾ പറഞ്ഞു: "മർയമിന്റെ മകനേ..! താങ്കൾ കഴിക്കുക. എന്നിട്ട് ഞങ്ങൾ കഴിക്കാം." അവരോട് കഴിക്കാൻ നബി ആവശ്യപ്പെട്ടു...
ദരിദ്രർ, രോഗികൾ, അവശർ തുടങ്ങിയവർ ആദ്യം കഴിച്ചു. ധനികന്മാർ പിന്നെ കഴിച്ചു. ചിലർ ആഹാരം കഴിക്കാതെ മാറിനിന്നു.
രോഗികളുടെ രോഗം മാറി. അവശന്മാരുടെ അവശത മാറി. ഇതൊക്കെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ മാറി നിന്നവർക്ക് വലിയ ഖേദമായി...
ഏഴായിരം ആളുകൾ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുകളുണ്ട്...
അവസാന ദിവസങ്ങളിൽ ആഹാരം പാവങ്ങൾക്കും രോഗികൾക്കുമായി പരിമിതപ്പെടുത്തി. അത് കഴിഞ്ഞ് സുപ്ര ഇറങ്ങാതെയായി...
Comments
Post a Comment