Story Of Isa Nabi (عليه السلام)- part 21



   ഇസാഈല്യർ എത്രയോ പ്രവാചകന്മാരെ വ്യാജമാക്കി തള്ളിക്കളഞ്ഞു. പല നബിമാരേയും വധിച്ചിട്ടുണ്ട്. അങ്ങനെ അവർ ശപിക്കപ്പെട്ടവരായിത്തീർന്നു. എന്തൊരു ധിക്കാരികൾ..! അവരെ അല്ലാഹു ﷻ പരീക്ഷണങ്ങൾക്ക് വിധേയമാക്കി...

അടുത്ത വചനം കാണുക.

 "ഒരു പരീക്ഷണവും ഉണ്ടാവുകയില്ലെന്ന് അവർ കണക്കുകൂട്ടി. അങ്ങനെ അവർ അന്ധരാവുകയും ബധിരരാവുകയും ചെയ്തു. പിന്നീട് അല്ലാഹു ﷻ അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരിൽ വളരെപ്പേർ അന്ധരും ബധിരരുമായി. അല്ലാഹു ﷻ അവർ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു." (5:71)

 അവർ പല തവണ പരീക്ഷണം നേരിട്ടവരാണ്. ശത്രുക്കളുടെ ആക്രമണങ്ങൾ പല തവണ നടന്നു. സകലതും നശിച്ചു. ബാബിലോണിയായിലെ ബുഖ്ത്തുന്നസർ രാജാവ് ബൈത്തുൽ മുഖദ്ദസ് നശിപ്പിക്കുകയും ഇസാഈല്യരെ അടിമകളാക്കുകയും ചെയ്തു. പിന്നീട് ഇസാഈല്യർ പശ്ചാത്തപിച്ചു. അല്ലാഹു ﷻ അവർക്ക് മോചനം നൽകി. പിന്നെയും അവർ ധിക്കാരികളായി. മുമ്പുള്ളതിനെക്കാൾ മോശമായി. മർയമിന്റെ മകൻ ദൈവമാണെന്ന് പറഞ്ഞു.

 ഈ ഖുർആൻ വചനം നോക്കൂ...

 "മർയമിന്റെ മകൻ മസീഹ് ദൈവമാകുന്നു എന്നു പറഞ്ഞവർ തീർച്ചയായും കാഫിറായിരിക്കുന്നു. (സത്യനിഷേധിയായിരിക്കുന്നു.) ഈസാ മസീഹ് പറഞ്ഞു: ഇസ്രാഈൽ സന്തതികളേ..! എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുക. അല്ലാഹുﷻവിനോട് ആരെങ്കിലും പങ്ക് ചേർത്താൽ അല്ലാഹു ﷻ അവന്ന് സ്വർഗ്ഗം ഹറാം (നിഷിദ്ധം) ആക്കും. അവന്റെ സങ്കേതം നരകമായിരിക്കും. അകമികൾക്ക് സഹായികളുണ്ടാവുകയില്ല." (5:72)

 മൂന്നു വ്യക്തികൾ ചേർന്നതാണ് ദൈവം എന്നു പറഞ്ഞവരും വഴിപിഴച്ചു പോയിരിക്കുന്നു. ഖുർആൻ പറയുന്നു.

"നിശ്ചയമായും, അല്ലാഹു ﷻ മൂന്നിൽ ഒരുവനാകുന്നു എന്നു പറഞ്ഞ വരും കാഫിറായിരിക്കുന്നു. ഒരു ഇലാഹ് (ആരാധ്യൻ) അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ലെങ്കിൽ അവരിലെ സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്.' (5:73)

 ദയാലുവായ അല്ലാഹുﷻവിന്റെ ഉപദേശം കാണുക. "അപ്പോൾ
അവർക്ക് അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്തു കൂടേ..! അല്ലാഹു ﷻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (5:74)

 മർയമിന്റെ മകൻ ഈസാ ഒരു നബി മാത്രമാകുന്നു. നബിയല്ലാതെ മറ്റൊന്നുമല്ല. ദൈവമല്ല, ദൈവപുത്രനുമല്ല. അദ്ദേഹത്തിന് മുമ്പും റസൂലുകൾ വന്നിട്ടുണ്ട്. ഈസയുടെ മാതാവ് സത്യസന്ധയായ വനിതയാകുന്നു. ദൈവമല്ല. ദൈവമാതാവുമല്ല.

 വിശുദ്ധ ഖുർആൻ പറയുന്നു: “മർയമിന്റെ മകൻ മസീഹ് ഈസ ഒരു റസൂൽ (ദൈവദൂതൻ) അല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകൾ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ ഒരു സത്യസന്ധയായ സ്ത്രീയുമാകുന്നു. രണ്ട് പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക...! ദൃഷ്ടാന്തങ്ങളെ അവർക്കു നാം എപ്രകാരം വിവരിച്ചുകൊടുക്കുന്നു..! പിന്നെയും നോക്കുക... അവർ സത്യത്തിൽ നിന്ന് എങ്ങനെ തെറ്റിക്കപ്പെടുന്നുവെന്ന്!" (5:75)

 ഈസാ (അ) വരുന്നതിന്ന് മുമ്പ് എത്രയോ പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട്. അവരെല്ലാം മനുഷ്യരായിരുന്നു. ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത മനുഷ്യർ. അവരിൽ ഒരാളെയും ആരും ദൈവമാക്കിയില്ല. ദൈവമാണെന്ന് ആരും വാദിച്ചില്ല.

 ഈസാ (അ) പറഞ്ഞത് താൻ അല്ലാഹുﷻവിന്റെ അടിമയും ദൂതനും
ആണെന്നാണ്. മർയം (റ) പരിശുദ്ധ വനിതയുമാണ്. അവരെ ദൈവമാക്കുന്നത് വലിയ അപരാധമാണെന്ന് വിശുദ്ധ
ഖുർആൻ പറയുന്നു. ഈസാ (അ) പ്രചരിപ്പിക്കാത്ത ആശയങ്ങൾ
പിൽക്കാലത്ത് കടത്തിക്കൂട്ടി. മതത്തിൽ അതിര് കവിഞ്ഞു. അതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.

 "പറയുക..! വേദക്കാരേ..! ന്യായമല്ലാത്തവിധം നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിര് കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്. അവർ മുമ്പെ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ അവർ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു. ശരിയായ മാർഗം വിട്ട് അവർ തെറ്റിപ്പോവുകയും ചെയ്തിരിക്കുന്നു." (5:77)

 ഈസാ (അ) ന്റെയും മാതാവിന്റെയും പ്രതിമകളുണ്ടാക്കി. അവയെ ആരാധിക്കാൻ തുടങ്ങി. കുരിശിൽ തറച്ചതായി പ്രചരിപ്പിച്ചു. കുരിശിന്ന് ദിവ്യത്വം കല്പിച്ചു. മതത്തിൽ അതിര് കവിഞ്ഞു. കഥകൾ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചു.

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30