Story Of Isa Nabi (عليه السلام)- part 22
ഇസ്രാഈല്യർ നബിമാരുടെ ശാപം ഏറ്റുവാങ്ങിയവരാണ്. അവരുടെ ദുഷ്കർമ്മങ്ങൾ അവരെ ശാപത്തിൽ കുടുക്കിക്കളഞ്ഞു. സ്വയം നന്നാവുക. മറ്റുള്ളവരെ നന്നാക്കുക. ഇതാണ് സത്യവിശ്വാസികളുടെ രീതി.
സ്വയം മോശക്കാരനായി ജീവിക്കുക. എല്ലാ ജീർണ്ണതകളെ വാരിപ്പുണരുക. മറ്റുള്ളവരെ നന്നായി ജീവിക്കാൻ ഉപദേശിക്കുക. ഇത് കപടന്മാരുടെ ലക്ഷണമാണ്. ഇസാഈല്യർ ഈ രീതിയാണ് സ്വീകരിച്ചത്.
നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. ദുഷ്കർമ്മങ്ങൾ നിരോധിക്കുക. ഇതാണ് ശരിയായ വഴി. ഈ വഴി ഇസാഈല്യർക്കിടയിൽ നിന്ന്
മാഞ്ഞുപോയി.
എല്ലാവരും തെറ്റ് ചെയ്തു. ആരും ഉപദേശിക്കാനില്ല. ചിലർ ഉപദേശിക്കും. വെറും അധരവ്യായാമം. തെറ്റുകാരോടൊപ്പം ആഹാരം കഴിക്കും. സഞ്ചരിക്കും. താമസിക്കും. സ്നേഹിക്കും.
ദാവൂദ് (അ), ഈസാ (അ) എന്നിവരുടെ നാവിലൂടെ ശാപം ഏറ്റുവാങ്ങിയവരാണ് ഇസാഈല്യർ. വിശുദ്ധ ഖുർആൻ പറയുന്നു: “ഇസ്രാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസയുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിട്ട് കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ടാവുന്നു.”(5:78)
“അവർ ചെയ്ത ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.” (5:79)
ശാപം ഏറ്റുവാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവർ ദുരാചാരത്തെ നിരോധിച്ചില്ല എന്നതാണ്. ആരെന്ത് ചെയ്താലും മൗനം അവലംബിക്കും. അത് കാരണം സമൂഹങ്ങളിൽ തെറ്റുകൾ പെരുകി...
ഇബ്നുമസ്ഊദ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ
ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: “ഇസ്രാഈല്യരിൽ ആദ്യം വീഴ്ച കടന്നുകൂടിയതിങ്ങനെയാണ്. ഒരാൾ ഒരു തെറ്റുചെയ്യുന്നത് കാണുമ്പോൾ നീ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഈ പ്രവർത്തി ഉപേക്ഷിക്കണം, ഇത് പാടില്ല എന്നൊക്കെ മറ്റൊരാൾ പറയും. പിറ്റെ ദിവസം അയാൾ ആ തെറ്റ് ആവർത്തിക്കുന്നു. ഉപദേശിച്ചയാൾ അവനോടൊപ്പം കൂടുകയും ഭക്ഷണ പാനീയങ്ങൾ കഴിക്കുകയും ചെയ്യും. അതിനൊരു തടസ്സവുമില്ല. അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ അല്ലാഹു ﷻ അവരുടെ ഹൃദയങ്ങളെ തമ്മിൽ തല്ലിച്ചു. അവർക്കിടയിൽ ഭിന്നിപ്പുണ്ടായി.
അല്ലാഹുﷻവിനെ തന്നെയാണ് സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പ്പിക്കുകയും ദുരാചാരങ്ങൾ വിരോധിക്കുകയും തന്നെ വേണം, നിങ്ങൾ അക്രമിയുടെ കൈക്ക് പിടിക്കുകയും വേണം. അവനെ
സത്യപാതയിലൂടെ നടത്തുകയും വേണം.”
നബിﷺയുടെ വളരെ പ്രസിദ്ധമായ ഈ വചനത്തിൽ നിന്ന് യഥാർത്ഥ സത്യവിശ്വാസി എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കാം.
ഹുദൈഫത്തുബ്നുൽ യമാൻ (റ) അവർകളെ തൊട്ട് ഉദ്ധരിക്കപ്പെട്ട നബി വചനം ഇങ്ങനെ; നബി ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെ വിരോധിക്കുകയും വേണം. അല്ലാത്ത പക്ഷം,
അല്ലാഹു ﷻ അവന്റെ പക്കൽ നിന്ന് നിങ്ങളുടെ മേൽ വല്ല ശിക്ഷാ നടപടിയും അയച്ചേക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അവനോട് പ്രാർത്ഥിക്കുമ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകുകയില്ല.”
നബി ﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം കണ്ടാൽ കൈകൊണ്ട് തടയട്ടെ. അതിന്ന് സാധിച്ചില്ലെങ്കിൽ നാവു
കൊണ്ട് തടയട്ടെ. അതിനും സാധിച്ചില്ലെങ്കിൽ ഹൃദയംകൊണ്ട് വെറുക്കട്ടെ. സത്യവിശ്വാസത്തിൽ ഏറ്റവും ദുർബ്ബലമായത് അതാകുന്നു.” അബൂ സഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്ത ഹദീസാണിത്.
നന്മകൊണ്ട് കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന സമ്പ്രദായം ഇസ്രാഈല്യർ ഉപേക്ഷിച്ചതാണ് അവർ ശപിക്കപ്പെടാനുള്ള പ്രധാനകാരണം...
Comments
Post a Comment