Story Of Isa Nabi (عليه السلام)- part 23
ഒരുസംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു: ഈസാ (അ) ഒരിടത്തിരിക്കുന്നു. മുമ്പിൽ ശിഷ്യന്മാർ, ശിഷ്യന്മാർ നബിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു. സംസാരം പൂർവ്വ കാല സമൂഹങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു...
ലോകത്തെ നടുക്കിയ പ്രളയം. അതിലെത്തി സംസാരം. അക്കാലത്തെ ജനങ്ങളുടെ ദുഷിച്ച ജീവിതം. ക്രൂരന്മാരും ധിക്കാരികളുമായ ജനത. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു നൂഹ് (അ). സദസ്സ് ആകാംക്ഷാഭരിതമായി. അടുത്ത വാക്കുകൾക്ക് ഉൽക്കണയോടെ കാതോർത്തു.
നൂഹ് (അ) തന്റെ ജനതയെ ക്ഷണിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക്, എത്രകാലമെന്നറിയാമോ? തൊള്ളായിരത്തി അമ്പത് കൊല്ലം...
സദസ്സ് ഞെട്ടിപ്പോയി..!! എന്നിട്ടെത്ര പേരെ കിട്ടി..! വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം. ശിക്ഷ വരുമെന്ന മുന്നറിയിപ്പ് നൽകി. അതവർ പരിഹസിച്ചു തള്ളി. ശിക്ഷക്ക് ധൃതികൂട്ടി.
പലവിധ ഉപ്രദവങ്ങൾ നേരിട്ടു.
ഒടുവിൽ നൂഹ് (അ) തന്റെ ജനതക്കെതിരായി പ്രാർത്ഥിച്ചു...
അല്ലാഹു ﷻ നൂഹ് നബി (അ) നോട് കപ്പലുണ്ടാക്കാൻ കല്പിച്ചു.
കടൽതീരത്തല്ല കപ്പലുണ്ടാക്കാൻ തുടങ്ങിയത്. അകലെ ഒരു സ്ഥലത്ത് സ്ഥലത്ത് കപ്പലിന്റെ പണി തുടങ്ങി. ശത്രുക്കളുടെ പരിഹാസവും പൊട്ടിച്ചിരികളും ഉയർന്നു.
കപ്പലിന്റെ പണിതീർന്നു. വിശ്വാസികൾ കപ്പലിൽ കയറി. പക്ഷി മൃഗാദികളിൽ നിന്നെല്ലാം ഓരോ ഇണകളെ കയറ്റി അപ്പോൾ മഴതുടങ്ങി. ശക്തികൂടിക്കൂടി വന്നു. എല്ലായിടത്തും വെള്ളം, പലഭാഗത്തും ഉറവ തുടങ്ങി...
മഹാപ്രളയം, സത്യനിഷേധികൾ ചത്തൊടുങ്ങി, എല്ലാം നശിച്ചു. അപ്പോൾ മഴ തീർന്നു. വെള്ളം താഴ്ന്നു. കപ്പൽ ഭൂമിയിലുറച്ചു. എല്ലാവരും ഇറങ്ങി. അവരുടെ സന്താനപരമ്പരയാണ് ഇന്നുള്ള ജനത...
ചരിത്രം കേട്ടുകഴിഞ്ഞപ്പോൾ ശിഷ്യന്മാരിൽ ഒരാൾ വിനയത്തോടെ ചോദിച്ചു. “അന്ന് കപ്പലിൽ കയറിയവരിൽ ആരെയെങ്കിലുമൊരാളെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. ഒരാളെ കാണിച്ചുതരുമോ..?”
വല്ലാത്ത ആഗ്രഹം തന്നെ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് മരിച്ചുമറമാടപ്പെട്ട ഒരാളെ ജീവിപ്പിച്ചു കാണിച്ചുകൊടുക്കണം. അദ്ദേഹം അക്കാലത്തെ സംഭവങ്ങൾ വിവരിക്കുന്നത് കേൾക്കണം. അതാണ് തന്റെ പ്രിയശിഷ്യന്മാരുടെ ആവശ്യം. അല്ലാഹുﷻവിന്റെ അനുമതിയോടെ ആ ആവശ്യം നിറവേറ്റിക്കൊടുക്കണം...
നൂഹ് നബി (അ) ന്റെ മകനാണ് സാം. സാമിന്റെ ഖബറിന്നടുത്തേക്കാണ് ആ സംഘം നീങ്ങിപ്പോവുന്നത്. ഖബറിന്നടുത്തെത്തി. ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു...
തന്റെ വടിയെടുത്തു. ഖബറിൽ അടിച്ചു...
“അല്ലാഹുﷻവിന്റെ അനുമതിയോടെ എഴുന്നേറ്റ് വരിക.”
ശിഷ്യന്മാർ ആകാംക്ഷയോടെ നോക്കിനിൽക്കുമ്പോൾ അത് സംഭവിച്ചു. ഖബർ പൊട്ടിക്കീറി. ഒരാൾ എണീറ്റുവരുന്നു. അതാണ് സാം...
"എന്താ... ഖിയാമം നാൾ ആയോ..?" സാം ചോദിക്കുന്നു.
ഈസാ (അ) ഇങ്ങനെ പറഞ്ഞു: "ഖിയാമം നാൾ എത്തിയിട്ടില്ല. അല്ലാഹുﷻവിന്റെ അനുമതിയോടെ ഞാൻ താങ്കളെ വിളിച്ചതാണ്. ഇവർക്ക് കാണാനും അറിയാനും വേണ്ടി.
"അങ്ങനെയാണോ..? ഖിയാമം നാൾ ആയെന്നു കരുതി പേടിച്ചുപോയി. നോക്കൂ..? എന്റെ മുടി നരച്ചുപോയി." സാം പറഞ്ഞു.
എല്ലാവരും നോക്കി. മരിച്ചു ഖബറടക്കുമ്പോൾ കറുത്ത മുടിയായിരുന്നു ഖിയാമം നാൾ ആയെന്ന് കരുതി ഭയന്നു. അത് കാരണം മുടി നരച്ചുപോയി...
Comments
Post a Comment