Story Of Isa Nabi (عليه السلام)- part 24
മരിച്ച ആളെ ജീവിപ്പിച്ച മറ്റൊരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈസാ (അ)ന്ന് ഒരു സ്നേഹിതനുണ്ടായിരുന്നു. പേര് ആസിർ. അദ്ദേഹവും കുടുംബവും ഈസാ (അ) നെ വളരെയേറെ സ്നേഹിച്ചിരുന്നു.
ഒരിക്കൽ ആസിറിന്ന് രോഗം വന്നു. മരുന്നുകളൊന്നും ഫലിച്ചില്ല. ആസിർ മരിച്ചുപോയി. ആളുകൾ വളരെ ദുഃഖിതരായിത്തീർന്നു. ഈസാ (അ) പരിസരപ്രദേശത്തുണ്ടായിരുന്നില്ല.
ആസിറിന്റെ സഹോദരി ദുഃഖം സഹിക്കാനാവാതെ പുറത്തേക്കോടി. കരഞ്ഞുകൊണ്ട് ഓടുകയാണ്. നബിയെ കാണണം. കാൽക്കൽ വീണു കരയണം. തന്റെ സഹോദരന്റെ ജീവൻ തിരിച്ചു നൽകാൻ പറയണം.
ഓടിയോടിത്തളർന്നു. വിയർത്തു കുളിച്ചു. ഒടുവിൽ നബിയെകണ്ടെത്തി. കാര്യങ്ങൾ ഉണർത്തി. നബി ആ സഹോദരിയെ ആശ്വസിപ്പിച്ചു. "നീ വീട്ടിലേക്ക് മടങ്ങുക. ഞാൻ വന്നുകൊള്ളാം. അല്ലാഹു ﷻ ഉദ്ദേശിച്ചാൽ"
സഹോദരി പ്രതീക്ഷയോടെ മടങ്ങിപ്പോന്നു. വീട്ടിലെത്തുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഖബറടക്കാൻ നേരം വൈകിപ്പോയി. എല്ലാവരും കാത്തിരുന്നു. ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും നബി എത്തിയില്ല...
ഇനിയും മയ്യിത്ത് വെച്ചുകൊണ്ടിരിക്കാൻ പറ്റില്ല. ഖബറടക്കാം. പലരും അഭിപ്രായം പറഞ്ഞു. നബിയെ കാണാനില്ല. സഹോദരി ദുഃഖം സഹിക്കുകയാണ്. കരച്ചിലടങ്ങുന്നില്ല. അവൾ നോക്കി നിൽക്കെ സഹോദരന്റെ മയ്യിത്ത് എടുത്തുകൊണ്ടുപോയി. ഖബറടക്കി. ആളുകൾ തിരിച്ചെത്തി.
എല്ലാം കഴിഞ്ഞശേഷം അവരെത്തി. ഈസാ (അ) ശിഷ്യന്മാരോടൊപ്പം എത്തി. സഹോദരി പൊട്ടിക്കരഞ്ഞു. നബി ഖബറിന്റെ അടുത്തേക്ക് നടന്നു. ബന്ധുക്കളും നാട്ടുകാരും നടന്നു...
“അല്ലാഹു ﷻ വിന്റെ അനുമതിയോടെ എഴുന്നേൽക്കുക." ഈസാ (അ)
പറഞ്ഞു. വടികൊണ്ട് ഖബറിൽ അടിച്ചു. ഖബർ പൊട്ടി. ഖബറടക്കപ്പെട്ട ആൾ എഴുന്നേറ്റു വരുന്നു. സലാം ചൊല്ലുന്നു. അയാൾ പിന്നെയും കുറെകാലം ജീവിച്ചു...
മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിങ്ങനെയാണ്: ഈസാ (അ) വെള്ളത്തിന് മുകളിലുടെ നഗ്നപാദനായി നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. ചിലർ കൂടെ നടക്കാറുണ്ട്. നദിയിലൂടെ നടന്ന് അക്കര പറ്റാം.
ഒരാൾ ഇങ്ങനെ നടക്കാൻ തുടങ്ങി. പല ദിവസങ്ങളിൽ നടന്നു. അപ്പോൾ അയാളുടെ മനസ്സിൽ ഇബ്ലീസ് ദുർവ്വിചാരം ഇട്ടുകൊടുത്ത് ചിന്തകൾ വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. വലിയൊരു പുഴയുടെ മധ്യത്തിൽ വെച്ചാണ് ദുർവ്വിചാരം മനസ്സിൽ കയറിയത്.
ഈസാ (അ) അല്ലാഹു ﷻ വിന്റെ നബിയാണ്. അത്കൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കുന്നു. താഴ്ന്നുപോവുന്നില്ല. താനോ? താൻ നബിയല്ല. എന്നിട്ടും ജലവിതാനത്തിലൂടെ നടന്നുപോവുന്നു. ഞാനും നബിയും തമ്മിലെന്ത് വ്യത്യാസം..? സ്വയം ചോദിച്ചുപോയി. തന്നെ നബി നടത്തിച്ചുകൊണ്ട് പോവുകയാണെന്ന സത്യം
അയാൾ മറന്നു. മനസ്സിൽ അഹങ്കാരം വന്നു.
ഒരു നിമിഷം പോലും വൈകിയില്ല. ഒരൊറ്റ വീഴ്ച വെള്ളത്തിന്നടിയിലേക്ക്. ഈസാ നബിയേ രക്ഷിക്കണേ..! ഈസാ (അ) തിരിഞ്ഞു നോക്കി. കൈ നീട്ടി: അയാൾ ആ കൈയിൽ പിടിച്ചു തൂങ്ങി രക്ഷപ്പെട്ടു...
ഈസാ (അ) അയാൾക്കു നൽകിയ ഉപദേശം ഇങ്ങനെ: അല്ലാഹു ﷻ നിങ്ങൾക്ക് മഹത്തായൊരു പദവി നൽകി. നിങ്ങൾ അഹങ്കരിച്ചു. അപ്പോൾ പദവി നീക്കപ്പെട്ടു. പശ്ചാത്തപിച്ചു മടങ്ങുക പ്രാർത്ഥിക്കുക. അയാൾ അതനുസരിച്ചു പ്രവർത്തിച്ചു.
Comments
Post a Comment