Story Of Isa Nabi (عليه السلام)- part 26
അടങ്ങാത്ത മോഹം
ഈസാ (അ) ന്റെ കൂടെ യാത്ര ചെയ്ത ഒരു യഹൂദിയുടെ ചരിത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യപ്പെടുന്നു...
ഈസാ (അ) ദീർഘയാത്രക്കൊരുങ്ങി. കൂടെപ്പോകാൻ ഒരു യഹൂദിയും ഒരുങ്ങി. രണ്ടു പേരും ഭക്ഷണപ്പൊതി കരുതിയിട്ടുണ്ട്. യാത്ര തുടങ്ങി. കുറേദൂരം പോയി. ക്ഷീണിച്ചു. വിശ്രമിക്കാനായി ഇരുന്നു.
"ഞാൻ നിസ്കരിക്കട്ടെ. എന്നിട്ട് നമുക്ക് ആഹാരം കഴിക്കാം." ഈസാ (അ) പറഞ്ഞു.
നിസ്കരിക്കാൻ പോയ തക്കത്തിൽ യഹൂദി ഈസാ നബി (അ)ന്റെ ഭക്ഷണപ്പൊതി തുറന്നുനോക്കി. അതിൽ ഒരു റൊട്ടി മാത്രമേയുള്ളൂ.
യഹൂദിയുടെ പൊതിയിൽ രണ്ട് റൊട്ടിയുണ്ട്. ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ തന്റെ ഒരു റൊട്ടിയുടെ പകുതി കൂടി സഹയാത്രികന് കൊടുക്കേണ്ടി വരും. അതിന്ന് മനസ്സുവരുന്നില്ല. ഇനിയെന്ത് വഴി? പെട്ടെന്നൊരാശയം തോന്നി. ഒരു റൊട്ടി പെട്ടെന്ന് തിന്നുക. പൊതിയിൽ ഒന്നുവെക്കുക. തന്റെ കൈവശം ഒരു റൊട്ടി മാത്രമേ ഉള്ളൂവെന്ന് ഈസാ ധരിച്ചുകൊള്ളും.
നിസ്കാരം കഴിഞ്ഞുവന്നു. ഇരുവരും ആഹാരത്തിനിരുന്നു. ഈസാ (അ) പൊതി തുറന്നു. യഹൂദിയും പൊതിതുറന്നു. രണ്ട് പൊതിയിലും ഓരോ റൊട്ടി വീതം. പ്രശ്നമില്ല. പക്ഷെ നബിയുടെ ചോദ്യം യഹൂദിയെ അല്പം വിഷമിപ്പിച്ചു. "നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"
ചോദ്യം കേട്ട് അല്പം പതറിപ്പോയെങ്കിലും, അത് പുറത്ത് കാണിക്കാതെ മറുപടി പറഞ്ഞു: "ഒന്ന്."
ഇവൻ ആൾ മോശക്കാരനാണെന്ന് നബിക്ക് മനസ്സിലായി. കൂടെ കൂട്ടാൻ പറ്റിയ ആളല്ല. ഇവൻ സത്യം പറയുമോ എന്നൊന്ന് നോക്കട്ടെ.
ആഹാരം കഴിഞ്ഞു. ക്ഷീണം തീർന്നു...
യാത്ര തുടർന്നു. ഒരാൾ നടന്നുവരുന്നുണ്ടല്ലോ. ആരാണയാൾ..? യഹൂദി സൂക്ഷിച്ചു നോക്കി. വടികൊണ്ട് തപ്പിത്തപ്പിനോക്കി വരികയാണയാൾ. കാഴ്ചയില്ല. അന്ധനാണ്. യഹൂദിയുടെ കല്ല് പോലുള്ള
ഖൽബിൽ കനിവ് ഉറപൊട്ടിയില്ല. ഇത്പോലെ എത്രയെത്ര അന്ധന്മാരെ കാണുന്നു. അതിലെന്താ വിശേഷം എന്ന ഭാവമാണ് യഹൂദിയുടെ മുഖത്ത്..!
അവർ നടന്ന് നടന്ന് അന്ധന്റെ അടുത്തെത്തി. ഈസാ (അ) അന്ധനോട് സംസാരിച്ചു. പരിചയപ്പെട്ടു. പ്രവാചകന്റെ ശബ്ദം അന്ധനെ ആശ്വസിപ്പിച്ചു. ഈസാ (അ) ചോദിച്ചു.
"അല്ലാഹു ﷻ വിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കണ്ണുകൾക്ക്
കാഴ്ചശക്തി തരാം. എന്നാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി പ്രകടിപ്പിക്കുമോ..?"
അന്ധന്റെ മനസ്സിൽ പ്രതീക്ഷയുടെ വല്ലാത്തൊരു വെളിച്ചം പടർന്നു. അയാൾ ആവേശത്തോടെ പറഞ്ഞു: "എന്റെ കണ്ണുകൾക്ക് കാഴ്ചകിട്ടിയാൽ ഞാൻ അല്ലാഹുﷻവിന്ന് നന്ദി ചെയ്യും."
ഈസാ (അ) അന്ധന്റെ കണ്ണിൽ തടവി. അത്ഭുതം..! കണ്ണുകൾ പ്രകാശിക്കുന്നു. എല്ലാം കാണാം. ഇരുട്ട് പോയി. കാഴ്ചയുള്ള കണ്ണുകൾകൊണ്ട് ഈസാ (അ) നെ നോക്കിക്കാണുകയാണ്. ഇതാണ് അല്ലാഹുﷻവിന്റെ പുണ്യപ്രവാചകൻ.
അല്ലാഹുﷻവേ..! നിനക്കാണ് സ്തുതി."
യഹൂദി എല്ലാം നോക്കിക്കണ്ടു. അതിശയിച്ചു നിൽക്കുകയാണ്...
ഈസാ (അ) അവനോട് ചോദിച്ചു. "അന്ധന് കാഴ്ചനൽകിയ അല്ലാഹു ﷻവിന്റെ പേരിൽ ഞാൻ ചോദിക്കുന്നു. പറയൂ...! നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു."
യഹൂദി സത്യം പറയാൻ സന്നദ്ധനായില്ല. കളവ് ആവർത്തിക്കാൻ തീരുമാനിച്ചു അയാൾ പറഞ്ഞു: "ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ."
"ശരി, നമുക്ക് യാത്ര തുടരാം."
രണ്ടുപേരും നടന്നു. തന്റെ സഹയാത്രികന്റെ മനസ്സിന്റെ കടുപ്പം അപാരം തന്നെ. കുറെ ദൂരയാത്ര ചെയ്തപ്പോൾ ഒരാളെ കാണുന്നു. നടക്കാൻ കഴിയാത്ത പാവം മനുഷ്യൻ. കാലുകൾക്ക് ശേഷി കുറഞ്ഞ വികലാംഗൻ.
എല്ലാവരും കൈവീശി ധൃതിയിൽ നടന്നുപോവുന്നത് അയാൾ
കാണുന്നു. തനിക്കതിന്ന് കഴിവില്ല. സങ്കടം വരും. ഇസാ (അ) അയാളോട് ചോദിച്ചു. "അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കാലുകൾക്ക് ശക്തി നൽകാം. നിനക്കു മറ്റുള്ളവരെപ്പോലെ നടക്കാൻ കഴിയും. അതിന്ന് കഴിഞ്ഞാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി കാണിക്കുമോ..?"
അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. അയാൾ വിനയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു: "എന്റെ കാലുകൾക്ക് നടക്കാനുള്ള ശേഷി കിട്ടിയാൽ ഞാൻ അല്ലാഹു ﷻ വിന്ന് നന്ദി ചെയ്യും."
ഈസാ (അ) പ്രാർത്ഥിച്ചു. വൈകല്യമുള്ള കാലുകളിൽ തടവി. അതിശയംതന്നെ, കാലുകൾക്ക് ശേഷിവന്നു. സന്തോഷത്തോടെ, നന്ദിയോടെ പ്രവാചകനെ അല്പനേരം നോക്കിനിന്നു. എന്നിട്ട് ഉറപ്പുള്ള കാലുകളിൽ നടന്നുപോയി.
അപ്പോൾ ഈസാ (അ) യഹൂദിയോട് ചോദിച്ചു: "വികലാംഗന്റെ കാലുകൾക്ക് ശക്തി നൽകിയ അല്ലാഹു ﷻ വിന്റെ നാമത്തിൽ ഞാൻ ചോദിക്കട്ടെ. നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"
യഹൂദി പറഞ്ഞു: "ഒരു റൊട്ടി മാത്രം."
ശരി. നമുക്കുയാത്ര തുടരാം. അവർ യാത്ര തുടരുകയാണ്.
Comments
Post a Comment