Story Of Isa Nabi (عليه السلام)- part 27
അതാ വലിയൊരു നദിപാഞ്ഞൊഴുകുന്നു. നദിയുടെ അക്കരെ എത്തണം, തോണിയില്ല. എന്ത് ചെയ്യും..? അക്കരെ എത്താനൊരു വഴിയും കാണുന്നില്ലല്ലോ..? യഹൂദി നിരാശയോടെ പറഞ്ഞു...
"വാ... നമുക്കങ്ങ് നടന്നുപോവാം. നീ എന്നെ പിടിച്ചു നടന്നോളൂ..." ഈസാ (അ) പറഞ്ഞു.
നദിയുടെ ജലപ്പരപ്പിലൂടെ ഈസാ നബി (അ) ഉം യഹൂദിയും നടന്നുപോയി അക്കരെയെത്തി. യഹൂദിക്ക് ആശ്വാസമായി. അപ്പോൾ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "ജലവിതാനത്തിലൂടെ നമ്മെ നടത്തിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുന്നു. സത്യം പറയൂ... നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?"
“ഒരൊറ്റ റൊട്ടി മാത്രം.” യഹൂദിയുടെ മറുപടി.
ഇവൻ ഒരിക്കലും നന്നാവാൻ പോവുന്നില്ല. ഇത്രയും ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും അവൻ സത്യം പറയുന്നില്ല. വീണ്ടും യാത്ര. ഇനിയും ചോദ്യം വരുമോ..? എത്ര തവണ ചോദിച്ചാലും ഒരേമറുപടി പറയാം. യഹൂദി മനസ്സിലുറച്ചു.
രണ്ടാൾക്കും വിശപ്പുണ്ട്. കൈവശം യാതൊന്നുമില്ല. യഹൂദിയുടെ മനസ്സിൽ വെപ്രാളം നിറഞ്ഞു. ഒരുമാൻകുട്ടം, കാണാനെന്തൊരു ഭംഗി. അതിലൊരെണ്ണത്തെ ഈസാ (അ) പിടിച്ചു. അതിനെ അറുത്തു.
തൊലിയുരിച്ചു. പാകം ചെയ്തു. രണ്ടുപേരും കൂടി അത് ഭക്ഷിച്ചു.
എന്തൊരു രുചി...
മാനിന്റെ എല്ലുകളും മറ്റും കൂട്ടിവെച്ചു. ഈസാ (അ) അല്ലാഹുﷻവിന്റെ അനുമതിയോടെ മാനിന്ന് ജീവൻ നൽകി. മാൻ ഓടിപ്പോയി...
ആശ്ചര്യഭരിതനായ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "നിന്റെ
പക്കൽ എത്ര റൊട്ടിയുണ്ടായിരുന്നു..? മാനിന്ന് വീണ്ടും ജന്മം നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുകയാണ്.."
"ഒന്ന് മാത്രം.." യഹൂദിയുടെ മറുപടി...
വീണ്ടും യാത്ര തുടരുകയാണ്...
യഹൂദിയെക്കൊണ്ട് സത്യം പറയിക്കണം. അതിന് പറ്റിയ സമയം വരും...
യാത്ര ഒരു ഗ്രാമത്തിലെത്തി. ഈസാ (അ) യഹൂദിയോട് പറഞ്ഞു: നീ ഇവിടെ വിശ്രമിക്കൂ..! ഞാനിപ്പോൾ വരാം...
അതും പറഞ്ഞു ഈസാ (അ) പോയി. വടികൊണ്ട് പോയില്ല. അത് സൂക്ഷിക്കാൻ യഹൂദിയെ ഏല്പിച്ചു. ഈ വടിയുണ്ടെങ്കിൽ എന്തും നടത്താം എന്ന് യഹൂദി കരുതി. വടി കൈവശമാക്കി...
ഈസാ (അ) വരും മുമ്പേ അയാൾ സ്ഥലം വിട്ടു. വടി പ്രയോഗിക്കാൻ ഒരവസരം കിട്ടണം. അയാൾ അവസരം തേടി നടന്നു. യഹൂദി യാത്ര തുടരുകയാണ്. കൈയിൽ ഈസാ (അ) ന്റെ വടിയുമുണ്ട്...
ഇപ്പോൾ രാജകൊട്ടാരത്തിന്റെ മുമ്പിലാണ് നിൽപ്പ്. രാജാവ് മാരകരോഗം പിടിപെട്ടു കിടക്കുകയാണ്. അത്യാസന്ന നിലയിലാണ്. പല വൈദ്യന്മാരും ചികിത്സിച്ചു. ഒന്നും ഫലിക്കുന്നില്ല.
"ഞാൻ ഭിഷഗ്വരനാണ്. ഞാൻ ചികിത്സിക്കാം. സുഖപ്പെടുത്താം..." യഹൂദി പറഞ്ഞു...
കാവൽക്കാർ യഹൂദിയെ കൊട്ടാരത്തിലേക്ക് കടത്തിവിട്ടു. അയാളുടെ മനസ്സിൽ മോഹങ്ങൾ വളരുകയാണ്. ഈ വടിയുള്ളപ്പോൾ ഒന്നും ഭയപ്പെടാനില്ല. ഒറ്റ അടികൊടുത്താൽ മതി സുഖം പ്രാപിക്കും. പിന്നെ തനിക്കെന്തെല്ലാം പാരിതോഷികങ്ങൾ കിട്ടും. ചോദിക്കുന്നതെന്തും കിട്ടും...
പിന്നെ സുഖ സമ്പൂർണ്ണമായൊരു ജീവിതമുണ്ട്. കൊട്ടാരം. കുതിരകൾ, പാറാവുകാർ, സുന്ദരികളായ ഭാര്യമാർ, സ്വർണ്ണം, വെള്ളി, പട്ടുവസ്ത്രങ്ങൾ... മോഹങ്ങൾക്കൊരറ്റവുമില്ല. ഈ വടികൊണ്ട് പിന്നെ ഞാനൊരു കളികളിക്കും. ഈസ ചെയ്തതൊക്കെ ഞാനും ചെയ്യും. പ്രതിഫലം വാങ്ങും...
അതാകിടക്കുന്നു അത്യാസന്ന നിലയിൽ രാജാവ്. ഇത് സുഖപ്പെടാൻ നല്ല അടിതന്നെ കൊടുക്കണം. നന്നായി ശക്തി സംഭരിച്ച് ഒരൊറ്റ അടി. കൂടെ നിന്നവർ ഞെട്ടിപ്പോയി. എന്തൊരു ധിക്കാരമാണിത്..? അവശനായ രാജാവിനെ അടിക്കുകയോ..? രാജാവ് ഒന്നു പിടഞ്ഞു. അത്രതന്നെ. ജീവൻപോയി..!!
പാറാവുകാർ ചാടിവീണു. യഹൂദിയെ പിടിച്ചുകെട്ടി. നന്നായി പെരുമാറി. വധിക്കാൻ വിധിയായി. കാരാഗ്രഹത്തിലടച്ചു. അപ്പോൾ ഈസാ (അ) കൊട്ടാരത്തിലെത്തി...
Comments
Post a Comment