Story Of Isa Nabi (عليه السلام)- part 29
ഉയർത്തപ്പെട്ടു
സംവത്സരങ്ങൾ പലത് കടന്നുപോയി. ഈസാ (അ) ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. മഹാഭൂരിപക്ഷം ശത്രുതയിലായിരുന്നു.
ഈസാ (അ) നെ വധിക്കാൻ പദ്ധതിയിട്ടു നടക്കുകയാണവർ.
ഈസാ (അ) ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. തന്റെ വെള്ളം ഇടക്കിടെ മാറ്റിക്കൊണ്ടിരുന്നു.
ഈസാ (അ) ന്ന് ദിവ്യവചനങ്ങൾ കിട്ടിക്കൊണ്ടിരുന്നു. ശ്രതുക്കൾക്ക് താങ്കളെ പിടികൂടാൻ കഴിയില്ല. താങ്കളെ ഞാൻ ആകാശത്തിലേക്കുയർത്തും. തന്റെ ദൗത്യകാലം തീരുകയാണ്. ഇനിയാത്രയാണ്. അതൊരു വല്ലാത്ത രാത്രിയായിരുന്നു. രാത്രിയുടെ ആദ്യയാമത്തിൽ അവർ തങ്ങളുടെ താവളത്തിൽ ഒരുമിച്ചുകൂടി.
ഈസാ (അ) ശിഷ്യന്മാർക്ക് ആഹാരം വിളമ്പിക്കൊടുത്തു. അക്കൂട്ടത്തിൽ യൂദാസും ഉണ്ടായിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. അവരുടെ കൈ കഴുകിക്കൊടുത്തു. സ്വന്തം വസ്ത്രംകൊണ്ട് തുടച്ചുകൊടുത്തു. എന്തൊരു വാത്സല്യം..!
കുറേനേരം അവരെ ഉപദേശിച്ചു: "മനുഷ്യരെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാണ്. മനുഷ്യർ പരസ്പരം സ്നേഹിക്കണം. പരസ്പരം നിന്ദിക്കരുത്. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ത്യാഗസന്നദ്ധതയോടെ
പ്രവർത്തിക്കുക.
നേരം പുലരുന്നതിന്ന് മുമ്പ് നിങ്ങളിലൊരാൾക്ക് എന്നിലുള്ള
വിശ്വാസം നഷ്ടപ്പെടും. ഏതാനും നാണയങ്ങൾക്ക് അവൻ എന്നെ
വിൽക്കും. ശിഷ്യന്മാർ അത് കേട്ട് ഞെട്ടി..! അസ്വസ്ഥരായി...
ഉപദേശവും പ്രാർത്ഥനയും കഴിഞ്ഞു. വേദനയോടെ ശിഷ്യന്മാർ പിരിഞ്ഞുപോയി. അന്ന് രാത്രി അത് സംഭവിച്ചു. യൂദാസ് ഉണർന്നു പ്രവർത്തിച്ചു. അവൻ യഹൂദികളെ കണ്ടു. ഈസാ (അ)ന്റെ താവളത്തെക്കുറിച്ചു വ്യക്തമായ വിവരം നൽകി. പുലരാൻ കാലത്ത് നബിയെ പിടികൂടാനും കുരിശിൽ തറച്ചുകൊല്ലാനും നിശ്ചയിച്ചു..!!
ആ രാത്രിയിൽ മലക്കുകളെത്തി. ഈസാ (അ) നെ ആകാശത്തേക്ക് ഉയർത്തി. ആരും അതറിഞ്ഞില്ല...
ഈസാ (അ) ന്ന് അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് അറിവ് ലഭിച്ചിരുന്നു. അക്കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:
“അല്ലാഹു ﷻ പറഞ്ഞ സന്ദർഭം: ഓ... ഈസാ... നിശ്ചയമായും നിന്നെ ഞാൻ പൂർണ്ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ്. സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധീകരിക്കുകയും നിന്നെ പിൻപറ്റിയവരെ അന്ത്യനാൾവരേക്കും വിശ്വസിക്കാത്തവരുടെ മീതെ ആക്കിവെക്കുകയും ചെയ്യുന്നതാണ്. പിന്നീട് എന്നിലേക്കായിരിക്കും നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിങ്ങൾക്കിടയിൽ ഞാൻ വിധികല്പിക്കുന്നതാകുന്നു." (3:55)
അല്ലാഹു ﷻ ഈസാ (അ) ന്ന് അറിയിച്ചുകൊടുത്ത കാര്യങ്ങളാണ്
നാമിവിടെ കണ്ടത്. താങ്കളെ പിടിക്കും... എന്നിലേക്കുയർത്തും... ആ ദുഷ്ടന്മാരിൽ നിന്ന് മോചനം നൽകും... ശുദ്ധീകരിക്കും...
പിന്നീട് യഹൂദന്മാരെ അറിയിക്കുന്നതെന്താണ്..? ഏത് ദുഷ്ടന്മാരും അവസാനം എന്നിലേക്കു മടങ്ങിവരും. അന്ന് നിങ്ങൾ നിസ്സഹായരായിരിക്കും. ഈസാ (അ) പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തിരിക്കുന്നു. അക്കാര്യങ്ങളിലൊക്കെ അന്ത്യനാളിൽ ഞാനൊരു തീർപ്പ് കല്പ്പിക്കും.
"സത്യനിഷേധികളെ അല്ലാഹു ﷻ ഈ ലോകത്ത് വെച്ച് ശിക്ഷിക്കും. പരലോകത്തും ശിക്ഷിക്കും. കഠിനമായ ശിക്ഷ. ആ ശിക്ഷയിൽ നിന്നവരെ രക്ഷിക്കാൻ ഒരാളുമില്ല.
Comments
Post a Comment