Story Of Isa Nabi (عليه السلام)- part 32
ളസാക് (റ) വിന്റെ റിപ്പോർട്ട്.
ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ട രാത്രി ഉമ്മ മർയം (റ) കൂടെയുണ്ട്. ഉമ്മയും മകനും വേർപിരിയുകയാണ്. കണ്ണീരോടെ വിടപറഞ്ഞു...
ഒരു മേഘം താഴ്ന്നുവന്നു. ഈസാ(അ) അതിൽ ഇരുന്നു. മേഘം ഉയർന്നു. ഈസാ (അ) തന്റെ പുതപ്പ് ഉമ്മാക്ക് നൽകി. ഉമ്മ അത് മാറോട് ചേർത്തു പിടിച്ചു വിതുമ്മിക്കരഞ്ഞു. ഉമ്മ പറഞ്ഞു: ഖിയാമം നാളിൽ എനിക്കും എന്റെ മകന്നും പരസ്പരം തിരിച്ചറിയാനുള്ള അടയാളമാണിത്. ഈസാ (അ) തന്റെ തലപ്പാവ് ശിഷ്യനായ ശംഊൻ അവർകൾക്ക് നൽകി.
മേഘം ഉയരാൻ തുടങ്ങി. നിറഞ്ഞ കണ്ണുകളോടെ ഉമ്മ നോക്കിനിന്നു. ഉമ്മ കൈകൊണ്ട് യാത്രാമംഗളം അറിയിച്ചു. മർയം (റ) തന്റെ മകനെ സ്നേഹിച്ചത് പോലെ ഏത് ഉമ്മാക്കാണ് സ്വപുത്രനെ സ്നേഹിക്കാൻ കഴിയുക..!
പിതാവിന്റെയും മാതാവിന്റെയും സ്നേഹമാണവർ ഈസാ (അ)ന്ന് നൽകിയത്. ഇരട്ടി സ്നേഹം. മകൻ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോഴുള്ള ദുഃഖവും അങ്ങനെ തന്നെ. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ചു. ആ സമർപ്പണത്തിൽ ആശ്വാസം കണ്ടു.
അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ജൂതന്മാർ തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. കുരിശ് സംഭവം നടന്നു ഏഴാദിവസം രണ്ട് സ്ത്രീകൾ
ഖബർ സിയാറത്ത് ചെയ്യാൻ വരുന്നു.
കുരിശിൽ തറച്ചു കൊല്ലപ്പെട്ട ആളുടെ ഖബറാണത്. ഈസാ നബി (അ) ന്റെ ഖബറാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സന്ദർഭം. സ്ത്രീകളിൽ ഒരാൾ യഹ്യാ നബി (അ)ന്റെ ഉമ്മ. രണ്ടാമത്തേത് മർയം (റ).
പെട്ടെന്ന് മർയമിന്റെ മുമ്പിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. അന്യപുരുഷന്റെ മുമ്പിൽ സ്ത്രീ പ്രത്യക്ഷപ്പെടാൻ പാടില്ല. മറഞ്ഞുനിൽക്കണം. മർയം (റ) മറഞ്ഞുനിൽക്കാൻ ശ്രമിച്ചു. യഹ്‌യ(അ) ന്റെ ഉമ്മ മർയം (റ) യുടെ ഉമ്മായുടെ മൂത്ത സഹോദരിയാണ് മൂത്തമ്മ.
മർയം (റ) മൂത്തമ്മയോട് ചോദിച്ചു: "മൂത്തമ്മാ... അന്യപുരുഷൻ
നിൽക്കുന്നത് കണ്ടില്ലേ? നിങ്ങളെന്താ മറഞ്ഞു നിൽക്കാത്തത്..?"
"പുരുഷനോ? എവിടെ? ഞാനാരെയും കാണുന്നില്ലല്ലോ."
മർയം (റ) ക്ക് സംശയമായി. പുരുഷൻ കൺമുമ്പിലുണ്ട്. താൻ അദ്ദേഹത്തെ കാണുന്നുണ്ട്. മൂത്തമ്മ കാണുന്നില്ല. അതെന്താ? വാസ്തവത്തിൽ ഇയാൾ ശരിയായ മനുഷ്യനല്ലേ? മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പരിചയമുള്ള മുഖം. അതെ..! ഇത് അദ്ദേഹം തന്നെ. ജിബ്രീൽ (അ)...
"ഓ.. മർയം എന്തിനിവിടെ വന്നു..?" ജിബ്രീൽ (അ) ചോദിച്ചു.
"ഖബർ സന്ദർശിക്കാൻ."
ജിബ്രീൽ (അ) പറഞ്ഞു: "ഇത് ഈസാ (അ) ന്റെ ഖബർ അല്ല. യഹൂദികൾ ഊഹം വെച്ചു പറയുന്നതാണ്. ഈസാ (അ) നെ അല്ലാഹു ﷻ ആകാശത്തേക്ക് ഉയർത്തി. രൂപസാദൃശ്യമുള്ള ഒരാളെ പിടിച്ചു കുരിശിൽ തറച്ചുകൊന്നു. അതാണുണ്ടായത്. അയാളുടെ ഖബറാണിത്."
മർയം (റ) മൂത്തമ്മയോടൊപ്പം മടങ്ങിപ്പോന്നു. മടങ്ങാൻ നേരം ജിബ്രീൽ (അ) ഇങ്ങനെ അറിയിച്ചു. മരങ്ങൾ തിങ്ങിവളർന്ന ഒരു പ്രദേശമുണ്ട്. അവിടെ എത്തിച്ചേരുക. മകനെ കാണാം.
ജിബ്രീൽ (അ) ഉയർന്നുപോയി.
മരങ്ങൾ തിങ്ങിയ പ്രദേശത്ത് എത്തേണ്ട ദിവസം കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ആ ദിവസം തന്നെ കൃത്യസമയത്ത് മർയം (റ) അവിടെയെത്തി. പുത്രനെ കണ്ടു.
പുത്രൻ ഉമ്മയോടിങ്ങനെ പറഞ്ഞു: "ഉമ്മാ... എന്നെ അവർ കൊന്നിട്ടില്ല. അല്ലാഹു ﷻ എന്നെ ഉയർത്തുകയാണ് ചെയ്തത്. എനിക്ക് ഉമ്മയെ കാണാൻ അനുമതി കിട്ടി. ഉമ്മാ... ഉമ്മാക്ക് ഇനി അധിക കാലത്തെ ആയുസ്സില്ല. മരണം അടുത്തുവരികയാണ്. ക്ഷമ മുറുകെ പിടിക്കുക. ധാരാളമായി ദിക്റ് ചൊല്ലുക. ഈസാ (അ) ഉയർന്നുപോയി. അതായിരുന്നു അവസാനത്തെ കാഴ്ച. പിന്നെ മരണംവരെ കണ്ടിട്ടില്ല...
Comments
Post a Comment