Story Of Isa Nabi (عليه السلام)- part 35
ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ
പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു.
മുസ്ലിംകളും ജൂതന്മാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. ധാരാളം നാശനഷ്ടങ്ങൾ യുദ്ധം മൂലമുണ്ടാവും.
മുസ്ലിംകൾക്ക് പരീക്ഷണകാലമാണ്.
ഈമാൻ രക്ഷപ്പെടുത്താൻ വളരെ പ്രയാസം നേരിടും. ദജ്ജാൽ മുസ്ലിംകൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തും. ദജ്ജാലിനെ വധിക്കുന്നത് ഈസാ (അ) ആകുന്നു. അക്കാര്യം അറിയാവുന്നവർ ഈസാ (അ) നെ കാത്തിരിക്കും.
ഡമസ്കസിന് കിഴക്കുള്ള വെള്ളമിനാരത്തിന് സമീപം രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈവെച്ച് കൊണ്ട് ഇറങ്ങിവരും. പ്രഭാത സമയത്താണ് ഇറങ്ങിവരിക.
സുബ്ഹി നിസ്കാരത്തിന്റെ സമയം. ബാങ്ക് മുഴങ്ങുന്നു. അല്പം കഴിഞ്ഞ് ഇഖാമത്ത് കൊടുക്കുന്നു. ഈസാ (അ) മസ്ജിദിൽ പ്രവേശിക്കും. സുബ്ഹി നിസ്കരിക്കും.
അതിന്ന്ശേഷം ദജ്ജാലിനെ വധിക്കാൻ പുറപ്പെടും. ഈസാ (അ) നെ കാണുന്നതോടെ ദജ്ജാൽ പിന്തിരിഞ്ഞോടും. നബി അവനെ പിന്തുടരും. വധിക്കും. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.
"നിശ്ചയമായും ഈസാ അന്ത്യസമയത്തിനുള്ള ഒരു അറിവ് (അടയാളം) ആകുന്നു. അതിനാൽ നിങ്ങൾ അതിനെപ്പറ്റി ഒട്ടും സംശയിക്കേണ്ട. നിങ്ങൾ എന്നെ പിന്തുടരുക. ഇതാണ് ചൊവ്വായ വഴി." (43:61)
ഈസാ (അ) ദൈവമാണെന്ന വാദം അദ്ദേഹം നിഷേധിക്കും. ദൈവ പുത്രനാണെന്ന വാദവും നിഷേധിക്കും. ഇഞ്ചീലിന്റെ കോപ്പികൾ ബാക്കിവെക്കില്ല. കരിച്ചുകളയും. ഇനി വിശുദ്ധഖുർആൻ മതി. അന്ത്യപ്രവാചകരുടെ ശരീഅത്ത് നടപ്പിലാക്കും.
നീതിയും സത്യവും നിറഞ്ഞ ഭരണം സ്ഥാപിക്കും. ക്രിസ്ത്യാനികളുടെ വിശ്വാസത്തിലെ വൈരുധ്യങ്ങൾ നീക്കും, ഇസ്ലാമിന്റെ ശ്രതുക്കളോട് യുദ്ധം ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്തും. ഇസ്ലാം കരുത്താർജ്ജിക്കും. അധികാരത്തിൽ വരും. ലോക ഇസ്ലാമിക രാഷ്ട്രം നിലവിൽ വരും.
ചുവപ്പ് കലർന്ന വെള്ളനിറം, വടിവൊത്ത ശരീരം, രണ്ട് നിറമുള്ള
വസ്ത്രങ്ങൾ ധരിക്കും. തലമുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്ന പോലെ തോന്നും. പന്നിയെ കൊല്ലും, കുരിശുടക്കും. നാൽപ്പത് വർഷം സൽഭരണം നടത്തും.
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഡമസ്കസിന്ന് കിഴക്കുള്ള വെള്ള മിനാരത്തിന് സമീപം ഈസാ (അ) വന്നിറങ്ങും. രണ്ട് മലക്കുകളുടെ ചിറകിൽ കൈവെച്ചാണ് ഇറങ്ങിവരിക. രണ്ട് നിറമുള്ള വസ്ത്രം ധരിക്കും. തലതാഴ്ത്തിയാൽ വെള്ളം ഇറ്റിവീഴും.
ശിരസ്സുയർത്തിയാൽ മുത്തുമണികൾ പോലുള്ള വെള്ളത്തുള്ളികൾ വീഴും. ശരീരത്തിൽ നിന്ന് സുഗന്ധം വമിക്കും. കണ്ണെത്തുന്ന ദൂരംവരെ അതിന്റെ പരിമളം പരക്കും. ദജ്ജാലിനെ കാണും. അതിനെ വധിക്കും. മുസ്ലിംകൾ ആശ്വാസം
കൊള്ളും.
ഈസാ (അ) നെ ഒറ്റിക്കൊടുക്കാൻ കൈക്കൂലി വാങ്ങിയ യൂദാസിനെക്കുറിച്ചു പല അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കുരിശ് സംഭവത്തിന് ശേഷം അയാളെ ആരും കണ്ടിട്ടില്ല. ആത്മഹത്യ ചെയ്തുവെന്നു പറയുന്നവരുമുണ്ട്. ഊഹിച്ചു പറയുകയാണ്.
യൂദാസിന് ഈസാ നബിയുടെ മുഖരൂപം കിട്ടി. പുലർകാലത്തെ ഇരുട്ടിൽ ഈസാ നബിയാണെന്ന് അവർക്കുതോന്നിപ്പോയി. അയാളെ കൊണ്ട് പോയി കുരിശിൽ തറച്ചു.
കുരിശിൽ തറക്കപ്പെട്ടത് യൂദാസ് ആണോ മറ്റ് വല്ലവരുമാണോ എന്ന കാര്യത്തിൽ യഹൂദന്മാർക്ക് സംശയം.
അല്ലാഹു ﷻ പറയുന്നതിങ്ങനെ: "എന്നാൽ തന്റെ അടുക്കലേക്ക് അല്ലാഹു ﷻ ഈസായെ ഉയർത്തുകയാണ് ചെയ്തത്. അല്ലാഹു ﷻ എല്ലാവരെയും വിജയിക്കുന്നവനും മഹാ
തന്ത്രജ്ഞനുമാകുന്നു." (4:158)
യഹൂദന്മാർ അഹങ്കാരത്തോടെ പറഞ്ഞതിങ്ങനെ, "ഞങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു." അത് വെറും ഊഹം മാത്രം, ക്രൈസ്തവരും വിശ്വസിക്കുന്നത് ഈസാ (അ) ക്രൂശിക്കപ്പെട്ടുവെന്നാണ്.
രണ്ടുകൂട്ടരും രണ്ട് വിധത്തിൽ കുരിശിനെ കാണുന്നു. അന്ത്യനാളിന്റെ അടയാളമായി ഈസാ (അ) വന്നാൽ എന്ത് സംഭവിക്കും..?
എല്ലാവരും അദ്ദേഹം പറയുന്നത് വിശ്വസിക്കും. എതിർക്കുന്നവർ
ഉണ്ടാവില്ല. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. "ഈസാനബിയുടെ മരണത്തിന് മുമ്പായി അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. പുനരുത്ഥാന ദിനത്തിൽ അവരുടെ മേൽ അദ്ദേഹം സാക്ഷിയാകുന്നതുമാണ്." (4:159)
ഈസാ (അ) ഭൂമിയിൽ ഇറങ്ങി വന്നശേഷം നാല്പത് കൊല്ലം നീതിമാനായ വിധികർത്താവായി ഭരണം നടത്തും. അതിന്നിടയിൽ വേദക്കാരെല്ലാം അദ്ദേഹത്തിൽ വിശ്വസിക്കും. പിന്തുണക്കും. ദജ്ജാലിനെ കൊല്ലും, പന്നിയെ കൊല്ലം, കുരിശ് മുറിച്ചുകളയും, നികുതികൾ നിർത്തലാക്കും. ധനം സംഭാവനയായി സ്വീകരിക്കാൻ ആളുണ്ടാവില്ല. ആവശ്യക്കാരില്ലാതെ ധനം ഒഴുകും. ദുനിയാവും അതിലുള്ളതും നിസ്സാരമായി തോന്നും.
ദുനിയാവിനെക്കാളും അതിലുള്ള എല്ലാത്തിനെക്കാളും ഉത്തമമായത് ഒരു സുജൂദ് ആണെന്ന് ആളുകൾ കരുതും.
മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് മുസ്ലിംകൾ അല്ലാഹു ﷻ വിനോട് കാവലിനെ തേടുന്നു. നിസ്കാരത്തിലെ അത്തഹിയ്യാത്തി
അവസാനിക്കുന്നത് അങ്ങനെയാണല്ലോ.
മസീഹുദ്ദജ്ജാൽ യഹൂദിയായ കള്ളവാദിയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അവന്റെ അനുയായികൾ യഹൂദികളാണ്. ഈസാ (അ) അവനെ വധിക്കും.
Comments
Post a Comment