Story Of Isa Nabi (عليه السلام)- part 36


   ഈസാ (അ) മരണപ്പെടുമ്പോൾ മുസ്ലിം ലോകം മനസ്സുരുകി കരയും. മദീനയിലേക്കു മയ്യിത്ത് കൊണ്ട് പോവുമെന്നും, അനേക ജനങ്ങൾ മയ്യിത്ത് നിസ്ക്കരിക്കുമെന്നും, റൗളാശരീഫിൽ ഉമർ (റ) വിന്റെ
ഖബറിന്നുസമീപം ഖബറടക്കപ്പെടുമെന്നും രേഖകൾ പറയുന്നു.

 ഇമാം മഹ്ദി (റ) വിന്റെ ജന്മനാട് മദീനയാകുന്നു. പലരുടെയും അഭിപ്രായം മഹദിയുടെ ഭരണകാലം ഏഴ് വർഷം ആകുന്നു. റോമക്കാരുമായി നിരന്തരയുദ്ധം നടത്തും ജയിക്കും, അനുഗ്രഹങ്ങളുടെ കാലമാണത്.

 ഈസാ (അ)ന്റെ കാലവും അനുഗ്രഹീതമാണ്. ഈസാ (അ)ന്റെ വിയോഗത്തോടെ ഖിയാമത്തിന്റെ അലാമത്തുകൾ വേഗത്തിൽ വരും. ലോകം അവസാനിക്കും.

 പരലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് പ്രവാചകന്മാരാകുന്നു.
ഔലിയാക്കൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ. ഇവരെല്ലാം ആദരിക്കപ്പെടും. പരലോകത്ത് വിചാരണ തുടങ്ങുന്നു. നീണ്ട വിചാരണ. രക്ഷാ-ശിക്ഷകൾ പ്രഖ്യാപിക്കപ്പെടും. സ്വർഗ്ഗവാസികൾ അങ്ങോട്ടുപോവുന്നു. നരകവാസികൾ അവരുടെ കേന്ദ്രത്തിലേക്ക് പോവും.

 "തുഹ്ഫത്തുൽ അബ്റാർ ഫീ അശ്റത്തിസ്സാഅത്ത്' എന്ന കിതാബിൽ നബി ﷺ തൃക്കല്ല്യാണത്തെക്കുറിച്ച് വിശദമായ വിവരണമുണ്ട്. മർയം (റ), ആസിയ (റ), കുൽസൂ (റ) എന്നിവരെ അല്ലാഹു ﷻ നബി ﷺ തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കും. വലീമത്ത് സൽക്കാരവും നടക്കും.

 സ്വർഗ്ഗവാസികൾ പരസ്പരം സന്ദർശനം നടത്തും. അതിന്റെ പരിപാടി ഇങ്ങനെ:

ശനി - മക്കൾ പിതാവിനെ സന്ദർശിക്കും.

ഞായർ - പിതാവ് മക്കളെ സന്ദർശിക്കും.

തിങ്കൾ - ശിഷ്യന്മാർ ഗുരുവിനെ സന്ദർശിക്കും.

ചൊവ്വ - ഗുരു (ഉലമാഅ്) ശിഷ്യന്മാരെ വന്നുകാണും.

ബുധൻ - ജനങ്ങൾ (ഉമ്മത്ത്) അവരുടെ പ്രവാചകനെ ചെന്ന്
കാണും.

വ്യാഴം - പ്രവാചകന്മാർ തങ്ങളുടെ ഉമ്മത്തിനെ വന്നുകാണും.

വെള്ളി - എല്ലാവരും കൂടി നബിﷺതങ്ങളെ സന്ദർശിക്കും. നബിﷺതങ്ങളോടൊപ്പം അല്ലാഹുﷻവിനെ കാണാൻ പോകും. ഏറ്റവും അനുഗ്രഹീതമായ സമയം അതാകുന്നു.

 തൃക്കല്ല്യാണം. പഴയകാലത്ത് നമ്മുടെ നാടുകളിൽ തൃക്കല്ല്യാണ വിവരണം മത പ്രഭാഷണത്തിന്റെ ഭാഗമായിരുന്നു. നല്ല വിവരണം നൽകും. എന്നിട്ട് കണ്ണീരിൽ കുതിർന്നൊരു പ്രാർത്ഥനയുണ്ട്.

"പടച്ച തമ്പുരാനേ..! മുത്ത് നബിﷺതങ്ങളുടെ തൃക്കല്ല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാം നീ ഉതവി തരേണമേ..!"

 സദസ്സ് കണ്ണീരോടെ ആമീൻ പറയും. അറബി മലയാള പദ്യവിഭാഗത്തിൽ വളരെ പ്രധാനപ്പെട്ടതാണ് തൃക്കല്ല്യാണപ്പാട്ട്, കല്ല്യാണ വീടുകളിൽ അവ പാടും. മറ്റു സദസ്സുകളിലും പാടും.

 സ്വർഗ്ഗവാസികളെല്ലാം കല്ല്യാണ സദസ്സിൽ പങ്കെടുക്കും. ആ സദസ്സിന്റെ വലുപ്പം ഓർത്തു നോക്കൂ..!

 മശ് രിഖ് - മഗ്രിബിന്റെ വിസ്തീർണ്ണമുള്ള സുപ്രയാണ് വിരിക്കുക. ഓരോരുത്തരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പേരെഴുതി വെച്ച സ്ഥലത്ത് ഇരിക്കണം. മലക്കുകൾ കപ്പുകൾ നിരത്തുന്നു. അതിന്റെ മിനുസ്സവും, തിളക്കവും, ഭംഗിയും കണ്ട് അത്ഭുതപ്പെട്ടു പോകും. അതിൽ പാനീയം ഒഴിച്ചുകൊടുക്കും. ഭൂമിയിൽ വെച്ച് അത്രയും രുചിയുള്ള പാനീയം കുടിച്ചിട്ടില്ല...

 അതിശയിപ്പിക്കുന്ന രുചിയുള്ള വിവിധയിനം പാനീയങ്ങൾ വർണ്ണത്തിലും രുചിയിലും വൈവിധ്യം.

 പഴവർഗ്ഗങ്ങളുടെ വിതരണം. അനേക വർണ്ണങ്ങൾ, വ്യത്യസ്ഥ രുചികൾ
ആഹാര വസ്തുക്കൾ, ആയിരമായിരം വർണ്ണങ്ങൾ, അത്രയും രുചികൾ. തൃക്കല്ല്യാണ നാളത്തെ അലങ്കാരങ്ങൾ, ആരെയും അമ്പരപ്പിക്കും..!!

 സുഗന്ധം പരക്കുന്നു. അമ്പറും കസ്ത്തൂരിയും, ആഹ്ലാദം കൊള്ളിക്കുന്ന, സുഗന്ധപൂരിതമായ അന്തരീക്ഷം, പരിമളം പരത്തുന്ന പുക, അതിമനോഹരമായ പൂക്കളുടെ പരിമളം, പാറി നടക്കുന്ന പറവകൾ, അവയുടെ നാദം. സൗന്ദര്യവതികളായ ഹൂറികൾ, തൃക്കല്ല്യാണ വിശേഷങ്ങൾ വിവരിക്കാൻ വാക്കുകളില്ല...

 ദുനിയാവിൽ വെച്ച് ശപിക്കപ്പെട്ട ഫിർഔനിന്റെ ക്രൂരമർദ്ദനങ്ങൾ
ഏറ്റുവാങ്ങിയ ആസിയ ബീവി (റ) സ്വർഗ്ഗത്തിൽ മണവാട്ടിയായി വരുന്നു...

 വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങൾ,
ഹൂറികളെ നാണിപ്പിക്കുന്ന സൗന്ദര്യം. ഈസാ (അ)ന്റെ ഉമ്മ. മർയം (റ).
എന്തെല്ലാം പരിഹാസങ്ങളും പീഢനങ്ങളും സഹിച്ചു. പുത്രനെ വളർത്തി വലുതാക്കി. ഇരട്ടി സ്നേഹം നൽകി. ഭൂമിയിൽ ഉമ്മയെ
തനിച്ചാക്കി മകൻ ആകാശത്തേക്കുപോയി.

 സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം പോലെ മർയം (റ) വരുന്നു.
ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും സൗന്ദര്യത്തിന്റെ പ്രഭ വർദ്ധിപ്പിക്കുന്നു...

 പിന്നാലെ വരുന്നു കുൽസൂം (റ)...
അഴകിന്റെ മറ്റൊരു പ്രതീകം. ആനന്ദവും അനുഭൂതിയും നൽകുന്ന അനുഭവങ്ങൾ, പരലോകത്തെ അനുഭവങ്ങൾ ഇവിടെയിരുന്നു വർണിക്കാനാവില്ല. മനുഷ്യ ഭാവനയിൽ ഒതുങ്ങാത്ത കാര്യങ്ങൾ. ഭൂമിയിൽ വഴികാണിക്കാൻ വന്നവർ നബിമാർ...

 അവർക്കുശേഷം ഔലിയാക്കന്മാർ.
അവർ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് വിജയികളായിത്തീരുക. അതിനായി നാം ശ്രമിക്കുക. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ..! ഈസബ്നു മർയം (അ), മർയം (റ)
ഇവരുടെ പുണ്യ സ്മരണക്കുമുമ്പിൽ വാക്കുകൾ നിർത്തട്ടെ...

 ഈസ നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼

 ഈസാ നബി (അ)നും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....

Comments

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30